പാരിസ്: പാരീസ് ഒളിംപിക്‌സിന്റെ മൂന്നാം ദിനം ഇന്ത്യ വലിയ പ്രതീക്ഷവെച്ച രണ്ട് ഷൂട്ടിങ് ഫൈനലുകളിലും മെഡല്‍ നേടാനാവാതെ ഇന്ത്യ. വനിതകളുടെ ഷൂട്ടിങ് ഫൈനലില്‍ രമിത ജിന്‍ഡല്‍ ഏഴാം സ്ഥാനത്തായിരുന്നെങ്കില്‍ പുരുഷന്മാരില്‍ മികച്ച പോരാട്ടം നടത്തിയ അര്‍ജുന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തേക്കെത്തിയ ശേഷമാണ് താരം പിന്നോട്ടിറങ്ങിയത്.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ അര്‍ജുന്‍ ബാബൂട്ട ആദ്യ റൗണ്ടില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 10.7, 10.2, 10.5, 10.4, 10.6 എന്നിങ്ങനെയാണ് ആദ്യ സീരീസിലെ അര്‍ജുന്റെ സ്‌കോര്‍. രണ്ടാം സീരിസില്‍ കൂടുതല്‍ മെച്ചപ്പെട്ട അര്‍ജുന്‍ മൂന്നാം സ്ഥാനത്തേക്കെത്തി. 10.7, 10.5, 10.4, 10.6, 10.4 എന്നിങ്ങനെയായിരുന്നു രണ്ടാം സീരിസിലെ അര്‍ജുന്റെ പ്രകടനം.
11ാമത്തേയും 12ാമത്തെയും ഷൂട്ടില്‍ 10.6, 10.8 പോയിന്റുകളോടെ അര്‍ജുന്‍ രണ്ടാം സ്ഥാനത്തേക്കെത്തുയര്‍ന്നു. 13, 14 ഷൂട്ടുകളില്‍ 9.9, 10.6 പോയിന്റുകളോടെ അര്‍ജുന്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 15, 16 ഷൂട്ടുകളില്‍ 10.2, 10.7 പോയിന്റുകളോടെ അര്‍ജുന്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രതീക്ഷ കാത്തു. എന്നാല്‍ 17, 18 ഷൂട്ടുകളില്‍ 10.5, 10.1 പോയിന്റുകള്‍ നേടിയ അര്‍ജുന്‍ നാലാം സ്ഥാനത്തേക്കിറങ്ങി.
19, 20 ഷൂട്ടുകളില്‍ 10.5, 9.5 പോയിന്റുകള്‍ നേടിയതോടെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ അര്‍ജുന് സാധിച്ചുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ മെഡലിലേക്കെത്താനായില്ല. ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ അര്‍ജുനിലുണ്ടായിരുന്നെങ്കിലും അവസാന ഷൂട്ടുകളിലേക്കെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം പിഴക്കുകയായിരുന്നു. 25കാരനായ അര്‍ജുന്‍ 2023ലെ ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും 2022ലെ ഐഎസ്എസ്എഫ് ലോകകപ്പില്‍ രണ്ട് തവണ സ്വര്‍ണ്ണവും നേടാന്‍ അര്‍ജുന് സാധിച്ചിരുന്നു.

എന്നിട്ടും താരത്തിന് മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. ഈ ഇനത്തില്‍ ചൈനയുടെ ഷിങ് ലിന്‍ഹോ സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ സ്വീഡന്റെ ലിന്‍ഡ്രന്‍ വിക്ടര്‍ സെറ്റില്‍സ് വെള്ളിയും ക്രൊയേഷ്യയുടെ മിരന്‍ മരിസിച്ച് വെങ്കല മെഡലും നേടി. മികച്ച പ്രകടനം നടത്തിയിട്ടും നേരിയ വ്യത്യാസത്തിലാണ് അര്‍ജുന് മെഡല്‍ നഷ്ടമായത്. ഇതിന്റെ കടുത്ത നിരാശ മത്സരശേഷം അര്‍ജുനില്‍ പ്രകടമായിരുന്നു.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രമിത ജിന്‍ഡാലും നിരാശപ്പെടുത്തി. ഏഴാം സ്ഥാനത്താണ് രമിതക്ക് ഫിനിഷ് ചെയ്യാനായത്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന രണ്ട് ഇനത്തിലും ഫൈനലില്‍ താരങ്ങള്‍ കളി മറക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന രണ്ട് ഇനങ്ങളിലും മെഡല്‍ നഷ്ടമായത്. അര്‍ജുന്‍ മികച്ച പ്രകടനം നടത്തിയാണ് ഒടുവില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.