പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അമാന്‍ സെഹ്‌റാവത്ത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ വെങ്കല മെഡലാണ് താരം നേടിയെടുത്തത്. ഡാരിയന്‍ ടോയ് ക്രൂസിനെ 13-5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് 21കാരനായ അമാന്റെ വെങ്കല നേട്ടം. പാരീസ് ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യത്തെ താരമായി അമാന്‍ മാറിയിരിക്കുകയാണ്. ഇതോടെ പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി.
സെമിയില്‍ ജപ്പാന്റെ റീ ഹിഗൂച്ചിയോട് 10-0നാണ് അമാന്‍ സെഹ്‌റാവത്ത് തോറ്റത്. പ്രീ ക്വാര്‍ട്ടറില്‍ വ്‌ളാഡമിര്‍ ഇഗൊറോവിനെ 10-0നും ക്വാര്‍ട്ടറില്‍ സെലിംഖാന്‍ അബാക്കൊറോവിനെ 12-0നും തോല്‍പ്പിക്കാന്‍ അമാന്‍ സെഹ്‌റാവത്തിനായിരുന്നു.
2023ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടാന്‍ അമാനായിരുന്നു. 2022ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും അദ്ദേഹം നേടിയിരുന്നു. സുശീല്‍ കുമാറിന്റേയും ബജറംഗ് പുനിയയുടേയും പാതയിലൂടെ ഡല്‍ഹിയില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ് അമാന്‍. 11ാം വയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട അമാനെ അദ്ദേഹത്തിന്റെ മുത്തച്ഛനാണ് വളര്‍ത്തിയത്. സുശീല്‍ കുമാറിനെ ആരാധിച്ചിരുന്ന അമാന്‍ ഗുസ്തി താരമാകാനായി വളരെയധികം കഷ്ടപ്പെട്ടിരുന്നു.
ഇതിന്റെ ഫലമാണ് ഇപ്പോള്‍ പാരീസ് ഒളിംപിക്‌സിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആറ് അംഗ ഗുസ്തി ടീമിലെ ഏക പുരുഷ താരമായിരുന്നു അമാന്‍. മറ്റ് അഞ്ച് താരങ്ങളും മെഡല്‍ നേടാതെ നിരാശപ്പെടുത്തിയപ്പോഴും അമാന്‍ ചരിത്ര നേട്ടത്തോടെ ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് പേരു ചേര്‍ക്കാന്‍ യുവതാരത്തിന് സാധിച്ചു. ഇനിയുമേറെ ഭാവിയുള്ള യുവതാരം കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യയുടെ മൂന്ന് വെങ്കല മെഡലുകള്‍ ഷൂട്ടിങ്ങിലാണ് പിറന്നത്. ഇതില്‍ രണ്ട് മെഡലുകള്‍ മനു ഭാക്കറാണ് നേടിയത്. പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ വെങ്കലം ചൂടിയപ്പോള്‍ നീരജ് ചോപ്ര ജാവലിന്‍ത്രോയില്‍ വെള്ളി മെഡലും സ്വന്തമാക്കി. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ഏക വെള്ളി മെഡല്‍ നേട്ടമാണ് നീരജിന്റേത്. നേരത്തെ വനിതകളുടെ ഗുസ്തിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിനേഷ് ഫോഗട്ട് ഫൈനലില്‍ സീറ്റ് നേടിയിരുന്നു.
എന്നാല്‍ ഫൈനലിന് മുമ്പ് നടത്തിയ പരിശോധനയില്‍ 100 ഗ്രാം കൂടുതലുള്ളതിന്റെ പേരില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ നിന്ന് താരത്തെ അയോഗ്യയാക്കി. ഇതിനെതിരേ കായിക തര്‍ക്ക പരിഹാര കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. അനുകൂല വിധി വരുമോയെന്ന കാര്യം അടുത്ത ദിവസം അറിയാം.