Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനോ, കോലിയോ അല്ല! ക്രിക്കറ്റില്‍ ഗുകേഷിന്റെ റോള്‍ മോഡല്‍ മറ്റൊരാള്‍, കാരണമറിയാം

ഇന്ത്യന്‍ കായിക ചരിത്രത്തിലേക്കു തന്റെ പേരും സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് തമിഴ്‌നാട്ടുകാരനായ ചെസ് ഗ്രാന്റ്മാസ്റ്റര്‍ ഡി ഗുകേഷ്. ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ മുന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനു ശേഷം പുതിയൊരു ലോക ചാംപ്യനെ കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്.

14 റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ ചൈനീസ് ഗ്രാന്റ്മാസ്റ്ററായ ഡിങ് ലിറനെ വീഴ്ത്തിയാണ് വീണ്ടുമൊരു ലോക കിരീടം ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചെസില്‍ ഇന്ത്യക്കു മറ്റൊരു വിശ്വ ചാംപ്യനെയും ഗുകേഷിലൂടെ ലഭിച്ചിരിക്കുന്നത്. ഫൈനലില്‍ 7.5- 6.5 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ യുവതാരത്തിന്റെ ത്രില്ലിങ് വിജയം.

D GUKESH

മറ്റു ഗെയിമുകളില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ള ചില താരങ്ങളെക്കുറിച്ച് ഗുകേഷ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഐക്കണ്‍ താരം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറോ, ആധുനിക ക്രിക്കറ്റിലെ ബെസ്റ്റായ വിരാട് കോലിയോ അല്ല, മറിച്ച് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ഗുകേഷ് ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു കായിക താരം ആധുനിക ടെന്നീസിലെ ഇതിഹാസങ്ങളിലൊരാളായ നൊവാക് ജോകോവിച്ചുമാണ്.

റോള്‍ മോഡല്‍

എംഎസ് ധോണിയായിരുന്നു ഒരുപാട് വര്‍ഷങ്ങള്‍ തന്റെ റോള്‍ മോഡലെന്നാണ് ഡി ഗുകേഷ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. ദീര്‍ഘകാലം ഞാന്‍ റോള്‍ മോഡലായി കണ്ടിരുന്നയാള്‍ എംഎസ് ധോണിയാണ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ റോള്‍ മോഡലായി കാണുന്നത് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോകോവിച്ചിനെയാണ്.

രണ്ടു പേരും മഹാന്‍മാരായ അത്‌ലറ്റുകളാണെന്നു ഞാന്‍ കരുതുന്നു. രണ്ടു പേരിലെയും ഒരുപാട് കാര്യങ്ങളെ ഞാന്‍ ആരാധിക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളെ ധോണിയും ജോകോവിച്ചും അതിജീവിച്ചത് അതിശയിപ്പിക്കുന്ന തരത്തിലാണെന്നു കാണാം.

രണ്ടു പേരും വലിയ താരങ്ങളാണ്. ഏറ്റവും ആവശ്യമുള്ള ഘട്ടങ്ങളില്‍ ധോണിയും ജോകോവിച്ചും തങ്ങളുടെ ഏറ്റവും മികച്ചത് പുറത്തെടുക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് രണ്ടു പേരും തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചിട്ടുള്ളതെന്നും ഗുകേഷ് വെളിപ്പെടുത്തിയിരുന്നു.

MS DHONI

കിരീടത്തിനു പിന്നില്‍ അപ്റ്റണും

ഇന്ത്യന്‍ ടീമിനെയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയുമെല്ലാം പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷിച്ചിട്ടുള്ള നായകന്‍ കൂടിയാണ് എംഎസ് ധോണി. ഏറെ പിരിമുറുക്കം നിറഞ്ഞ ലോക ചെസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഡി ഗുകേഷിനെ ജയിച്ചു കയറാന്‍ സഹായിച്ചത് ധോണിയുടെ ഇതേ കഴിവ് തന്നെയാണ്.

അതു മാത്രമല്ല ധോണിക്കും ഇന്ത്യന്‍ ടീമിനുമൊപ്പം നേരത്തേ പ്രവര്‍ത്തിച്ചിട്ടുള്ള സൗത്താഫ്രിക്കന്‍ വംശജനായ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്റ്റണിന്റെ സഹായവും ഗുകേഷിനു ലഭിച്ചിട്ടുണ്ട്. കാരണം ലോക ചാംപ്യന്‍ഷിപ്പിനായി അദ്ദേഹത്തിനു കീഴിലാണ് ഇന്ത്യന്‍ യുവതാരം മാനസികമായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. ഈ വര്‍ഷം ഒക്ടോബറിലാണ് അപ്റ്റണിനെ ഗുകേഷ് തനിക്കൊപ്പം കൂട്ടിയത്.

നേരത്തേ 2011ല്‍ ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീം ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോള്‍ അപ്റ്റണും പരിശീലക സംഘത്തിലുണ്ടായിരുന്നു. കൂടാതെ ഈ വര്‍ഷത്തെ പാരീസ് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെയും മെന്റല്‍ കണ്ടീഷനിങ് കോച്ചായിരുന്നു അദ്ദേഹം.

Story first published: Friday, December 13, 2024, 6:39 [IST]
Other articles published on Dec 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+