മുംബൈ: വമ്പന്‍ താരങ്ങളായ എം എസ് ധോണിയും വിരാട് കോലിയും വിശ്രമിക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് പരമ്പര ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാന്‍ ആളില്ല. ബി സി സി ഐയുടെ പിടിവാശിയും താരങ്ങളുടെ അഭാവവുമാണ് സംപ്രേക്ഷകരെ മാറ്റിനിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് ഫുട്‌ബൊള്‍ നടക്കുന്നതിനാല്‍ കായിക പ്രേമികളുടെ ശ്രദ്ധ അങ്ങോട്ടാണ്. പോരാത്തതിന് കളിക്കുന്നത് ദുര്‍ബലരായ ബംഗ്ലാദേശിനോടും.
ടെന്‍ സ്‌പോര്‍ട്‌സും നിയോയുമായി ബി സി സി ഐ കോടതിയില്‍ നിയമയുദ്ധത്തിലാണ്. സോണി സിക്‌സാകട്ടെ ലോകകപ്പ് ഫുട്‌ബോള്‍ സംപ്രേക്ഷണം ചെയ്യുന്നു. കൂടുതല്‍ ലൈവ് സ്‌പോര്‍ട്‌സ് കൊള്ളിക്കാന്‍ കഴിയില്ലെന്ന് സോണി ബി സി സി ഐയെ അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് കളി കാണിക്കാന്‍ തയ്യാറാണ്. പക്ഷേ കളിയൊന്നിന് അഞ്ച് കോടി നല്‍കാനേ അവര്‍ തയ്യാറുള്ളു. അത് തീരെക്കുറവാണെന്ന് ബി സി സി ഐ പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഓഫര്‍ വളരെ കുറവാണ് എന്ന് ഗാസി ഗ്രൂപ്പ് സി എഫ് ഒ സലാഹുദ്ദീന്‍ ചൗധരി പറഞ്ഞു. മൂന്ന് കളിക്ക് ഒരു മില്യണ്‍ ഡോളറില്‍ താഴേ മാത്രമാണ് സ്റ്റാറിന്റെ വാഗ്ദാനം. നിയോയും ടെന്‍ സ്‌പോര്‍ട്‌സും ബി സി സി യുമായി നിയമയയുദ്ധത്തിലായതിനാല്‍ അവരെയും പരിഗണിക്കാന്‍ പറ്റില്ല. കളികള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ഉണ്ടാകുമോ എന്ന് പോലും പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളും ഏകദിന പരമ്പരയുമായി സമയപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് തങ്ങള്‍ മാറി നില്‍ക്കുന്നതെന്ന് സോണി സിക്‌സ് പ്രസന്ന കൃഷ്ണന്‍ പറഞ്ഞു. ഐ പി എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തത് സോണി സിക്‌സാണ്. പിന്നെ ആകെയുള്ള ഒരു സാധ്യത ദേശീയ ചാനലായ ദൂരദര്‍ശനാണ്. എന്നാല്‍ ലാഭവിഹിതത്തിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിനുണ്ടാകൂ എന്നാണ് അറിയുന്നത്.