തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ആദ്യ ദിനം സ്വര്‍ണം നേടാതെ പോകുമോ എന്ന കേരളത്തിന്റെ ഭയം അസ്ഥാനത്തായിരുന്നു. നീന്തല്‍ക്കുപളം കനിഞ്ഞതോടെ കേരളം മെഡല്‍ പട്ടികയില്‍ ഇടം നേടി.
നീന്തല്‍ കുളത്തില്‍ നിന്ന് മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയ സജ്ജന്‍ പ്രകാശ് ആണ് കേരളത്തിന്റെ താരമായത്. റെക്കോര്‍ഡോടെ രണ്ട് സ്വര്‍ണവും ഒരു വെള്ളി മെഡലും സജ്ജന്‍ സ്വന്തമാക്കി.

നിലവില്‍ രണ്ട് സ്വര്‍ണവും ഒരി വെള്ളിയും മൂന്ന് വെങ്കലവും അടക്കം ആറ് മെഡലുകള്‍ സ്വന്തമാക്കിയ കേരളം ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഏഴ് സ്വര്‍ണവുമായി ഹരിയാനയാണ് മെഡല്‍ വേട്ടയില്‍ വന്‍ കുതിപ്പ് നടത്തുന്നത്.
ആദ്യ ദിനത്തില്‍ തന്നെ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും അടക്കം എട്ട് മെഡലുകളാണ് ഹരിയാന സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും നേടിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.
സജ്ജന്‍ പ്രകാശ് അരമണിക്കൂറിനിടെയാണ് മൂന്ന് മെഡലുകള്‍ സ്വന്തമാക്കിയത്. ആദ്യം വെള്ളി മെഡലാണ് കിട്ടിയത്, തൊട്ടുപിറകേ രണ്ട് സ്വര്‍ണം. അതില്‍ ഒന്ന് റിലേ മത്സരത്തിലായിരുന്നു. 200 മീറ്‌റര്‍ ഫ്രീ സ്റ്റൈലില്‍ ആണ് സജ്ജന്‍ ആദ്യമെഡല്‍ സ്വന്തമാക്കിയത്. വെള്ളിമെഡലാണ് ലഭിച്ചതെങ്കിലും റെക്കോര്‍ഡ് പ്രകടനമായിരുന്നു ഇത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക്, 4-400 ഫ്രീ സ്റ്റൈല്‍ റിലേ എന്നിവയിലും സജ്ജന്‍ സ്വര്‍ണം നേടി.