തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളം സ്വര്‍ണം വേട്ട തുടരുന്നു. സൈക്ലിങ് താരങ്ങളുടെ മികവിലാണ് കേരളം സ്വര്‍ണം കൊയ്യുന്നത്. വനിതകളുടെ നാല് കിലോമീറ്റര്‍ ടീം പെര്‍സ്യൂട്ടിലാണ് കേരളം ഇരുപത്തിയെട്ടാം സ്വര്‍ണം നേടിയത്.
ലിഡിയമോള്‍ സണ്ണി, വിജി. പാര്‍വതി, വി.രജനി, മഹിത മോഹന്‍ എന്നിവരാണ് മെഡല്‍ ജേതാക്കള്‍. സൈക്ലിങ്ങില്‍ കേരളം നേടുന്ന നാലാമത്തെ സ്വര്‍ണമാണിത്.

ഇതോടെ മെഡല്‍ പട്ടികയില്‍ കേരളം മഹാരാഷ്ട്രയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. മഹാരാഷ്ട്രയ്ക്ക് 27 സ്വര്‍ണമാണുള്ളത്. 30 സ്വര്‍ണമുള്ള ഹരിയാണയും 68 സ്വര്‍ണം സ്വന്തമായുള്ള സര്‍വീസസും മാത്രമാണ് ഇനികേരളത്തിന്റെ മുന്നില്‍.
അത്‌ലറ്റിക്‌സില്‍ ഇന്ന് 12 ഫൈനലുകളാണ് നടക്കാനുള്ളത്. 100 മീറ്റര്‍ റിലേ, 110 മീറ്റര്‍ ഹഡില്‍സ്, ഹൈജംപ്, ട്രിപ്പിള്‍ ജംപ്, പതിനായിരം മീറ്റര്‍ എന്നിവയിലാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷികള്‍. പതിനായിരം മീറ്ററില്‍ പ്രീജ ശ്രീധരനും, ഒപി ജയ്ഷയും ഇന്നിറങ്ങും. ട്രിപ്പിള്‍ ജംപില്‍ രജ്ഞിത് മഹേശ്വരിയും ഹൈജംപില്‍ ശ്രീനിത് മോഹനും കേരളത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.