മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ക്ലബ്ബ് മുംബൈ സിറ്റി എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച് സ്പാനിഷുകാരനായ ഓസ്‌കാര്‍ ബ്രൂസോണിനെ പുറത്താക്കി. കോച്ചിന്റെ സമ്മതത്തോടുകൂടിയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ക്ലബ്ബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡല്‍ഹിയുമായി നടന്ന അവസാന മത്സരത്തില്‍ കോച്ച് ഗ്രൗണ്ടിലെത്തിയിരുന്നില്ല.
തങ്ങളുടെ ഫുട്‌ബോള്‍ ഫിലോസഫിയുമായി കോച്ച് ഒത്തുപോകുന്നില്ലെന്നും അതിനാല്‍ ഇരുകൂട്ടരുടെയും സമ്മതപ്രകാരം വേര്‍പിരിയാന്‍ സമ്മതിക്കുകയായിരുന്നെന്നും ക്ലബ്ബ് സിഇഒ ദാസ് ബ്ലാ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കോച്ചുമായി മറ്റുതരത്തിലുള്ള അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കോച്ചിനെ ഏകപക്ഷീയമായല്ല പുറത്താക്കിയത്. ഇതുവരെ ക്ലബ്ബിനുവേണ്ടി ഓസ്‌കാര്‍ നല്‍കിയ സഹായത്തിന് നന്ദി പറയുന്നു. ഭാവിയില്‍ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കേരള കോച്ച് പീറ്റര്‍ ടെയ്‌ലര്‍ പുറത്തായതിന്റെ പിന്നാലെയാണ് മറ്റൊരു കോച്ചിനും സ്ഥാനം നഷ്ടമാകുന്നത്.
ക്ലബ്ബിനുവേണ്ടി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഓസ്‌കാര്‍ പ്രതികരിച്ചു. ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ക്ലബ്ബ് ആരാധകരോടും ഉടമസ്ഥരോടും നന്ദി പറയുന്നു. ക്ലബ്ബി മികച്ച വിജയങ്ങളുണ്ടാകാന്‍ ആശംസ നല്‍കുന്നെന്നും ഓസ്‌കാര്‍ കൂട്ടിച്ചേര്‍ത്തു. എട്ട് റൗണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ 11 പോയന്റുമായി മുംബൈ നാലാം സ്ഥാനത്താണ്.