ഇന്ന് ലോക വനിതാ ദിനമാണ്. പാര്‍ശ്വ വല്‍ക്കരിക്കപ്പെടുന്ന പെണ്‍ സമൂഹമെന്ന കാലങ്ങളായുള്ള വിശേഷണങ്ങള്‍ക്ക് മുകളില്‍ പുത്തന്‍ കാലത്തിന്റെ തിരിച്ചറിവുകളുടെ ഊര്‍ജ്ജം പേറി ഉയര്‍ന്നു പൊങ്ങുകയാണ് പുതിയ തലമുറ. അടുക്കളയിലെ ഇരുണ്ട ജീവിതങ്ങളില്‍ നിന്ന് മനോഹര സ്വപ്‌നങ്ങളുടെ വര്‍ണശോഭയിലേക്ക് പറക്കാന്‍ ഇന്നത്തെ തലമുറക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ മേഖലകളിലും ശക്തമായ സ്ത്രീ സാന്നിധ്യം ഇന്ന് നമുക്ക് കാണാനാവും.
ഇന്ത്യയുടെ കായിക ഭൂപടത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കഠിന പ്രയത്‌നങ്ങളിലൂടെ വളര്‍ന്ന നിരവധി പെണ്‍ താരങ്ങളെ കാണാനാവും. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് നേരിട്ടാണ് ഇവരെല്ലാം അഭിമാന താരങ്ങളായി മാറിയത്. ഇത്തരത്തില്‍ ഇന്ത്യക്ക് അഭിമാനമായി വളര്‍ന്നുവരുന്ന താരങ്ങള്‍ കായിക ലോകത്തെ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം.
മനു ഭാക്കര്‍
ഇക്കഴിഞ്ഞ പാരീസ് ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ ഷൂട്ടിങ്ങില്‍ നേടിയ താരമാണ് മനു ഭാക്കര്‍. ഇത്തവണത്തെ ഒളിംപിക്‌സിലെ മികവ് പരിഗണിച്ച് മേജര്‍ ദ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം മനു ഭാക്കര്‍ നേടിയിട്ടുണ്ട്. 23കാരിയായ താരം ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു. ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മനു ഭാക്കര്‍ മാറിയിട്ടുണ്ട്. വിരമിക്കുമ്പോഴേക്കും ഇന്ത്യയുടെ ഐതിഹാസിക താരങ്ങളിലൊരാളായി മാറാന്‍ മനു ഭാക്കറിന് സാധിച്ചേക്കും.

ആര്‍ വൈശാലി
ഇന്ത്യയുടെ ചെസ് മേഖലയിലെ പുത്തന്‍ പ്രതീക്ഷയാണ് ആര്‍ വൈശാലി. ചെസ് ഒളിംപിയാഡില്‍ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിലേക്കെത്താന്‍ ഇതിനോടകം വൈശാലിക്ക് സാധിച്ചിട്ടുണ്ട്. 23 വയസ് മാത്രം പ്രായമുള്ള വൈശാലി വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ്. ഗ്രാന്റ്മാസ്റ്റര്‍ പദവി നേടിയിട്ടുള്ള വൈശാലി വനിതകളുടെ റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. വലിയ ഭാവി മുന്നിലുള്ളയാളാണ് വൈശാലി.
പ്രതിക റാവല്‍
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനൊപ്പം മിന്നും പ്രകടനം നടത്തുന്ന താരമാണ് പ്രതിക റാവല്‍. കഴിഞ്ഞ ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് താരത്തിന്റെ അരങ്ങേറ്റം. ഇതിനോടകം ബാറ്റിങ് മികവുകൊണ്ട് ഞെട്ടിക്കാന്‍ പ്രതികയ്ക്കായി. ആറ് ഏകദിനത്തില്‍ നിന്ന് 444 റണ്‍സാണ് പ്രതിക നേടിയത്. ഷഫാലി വര്‍മയെപ്പോലെ അടിച്ചുതകര്‍ത്തു കളിക്കാന്‍ പ്രതികയ്ക്ക് സാധിക്കുന്നു. വനിതാ ക്രിക്കറ്റില്‍ നിന്ന് അടുത്ത സൂപ്പര്‍ താരമായി പ്രതിക മാറാന്‍ സാധ്യതയുണ്ട്.
സാലിമ ടെറ്റി
ഹോക്കിയില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്ന താരമാണ് സാലിക ടെറ്റി. 2017ല്‍ അരങ്ങേറ്റം നടത്തിയ സാലിമ ഇതിനോടകം മികച്ച പ്രകടനങ്ങള്‍ നടത്തി കൈയടി നേടിയിട്ടുണ്ട്. വനിതാ പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്തും 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. ഹോക്കിയില്‍ വലിയ ഭാവിയുള്ള ഇന്ത്യന്‍ താരമാണ് സാലിമയെന്ന് പറയാം. എല്ലാവരും വലിയ പ്രതീക്ഷ താരത്തില്‍ വെക്കുന്നു.