ഇന്ത്യന്‍ ബാഡ്മിന്റണിലെ ഗോള്‍ഡന്‍ ഗേളെന്നു വിശേഷിപ്പിക്കപ്പെടുന്ന പിവി സിന്ധു ഇനി വെങ്കട ദത്ത സായിക്കു സ്വന്തം. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ഇന്ത്യക്കു രണ്ടു ഒൡപിക് മെഡലുകള്‍ സമ്മാനിച്ച സിന്ധുവിനെ വെങ്കട തന്റെ ജീവിത പങ്കാളിയാക്കിയത്. തന്റെ ജീവിതത്തില്‍ ഒരു സ്ഥിരത മിസ്സ് ചെയ്തിരുന്നതായും ഈ കാരണത്താലാണ് പാരീസ് ഒളിംപിക്‌സിനു ശേഷം വിവാഹിതായാവാനുള്ള തീരുമാനമെടുത്തതെന്നുമാണ് സിന്ധു വിവാഹശേഷം ആദ്യമായി പ്രതികരിച്ചത്.
എന്നെ ,സംബന്ധിച്ച് വിവാഹമെന്നാല്‍ സ്ഥിരതയാണ്. ഇതു എന്നെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു സിന്ധു പറഞ്ഞത്. ഉയര്‍ന്ന തലത്തില്‍ മല്‍സരിക്കുകയെന്നത് വളരെയധികം ശ്രമകരമാണ്. ഇതിനായി പിന്തുണയും സുരക്ഷിതത്വ ബോധവുമെല്ലാം വളരെ പ്രധാനവുമാണ്.
ഞാന്‍ വളരെയധികം ആവേശത്തിലാണ്. ഇതു ജീവിതത്തിന്റെ പുതിയൊരു ഘട്ടമാണെന്നും കൂടാതെ സ്‌പെഷ്യലുമാണെന്നുമാണെന്നും സിന്ധു വ്യക്തമാക്കിയിരുന്നു. സിന്ധുവിന്റെയും ഭര്‍ത്താവ് വെങ്കടയുടെയും ആസ്തിയെയും ഇരുവരുടെയും കൈവശമുള്ള മറ്റു സ്വത്തുക്കളെയും കുറിച്ചുമെല്ലാം നോക്കാം.

സിന്ധുവിന്റെ ആസ്തി
പിവി സിന്ധുവിന്റെ ആകെ ആസ്തി 59 കോടിയോളം രൂപയാണെന്നാണ് സീ ന്യൂസിന്റെ (Zee News) റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രാജ്യത്തു ഏറ്റവുമധികം വരുമാനമുള്ള വനിതാ കായിക താരം കൂടിയാണ് അവര്‍. വിവിധ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തതിലൂടെ ലഭിച്ചിട്ടുള്ള വരുമാനം കൂടാതെ പരസ്യ കരാറുകള്‍ വഴിയും സിന്ധുവിനു മികച്ച വരുമാനം ലഭിക്കുന്നുണ്ട്.
ജന്‍മനാടായ ഹൈദരാബാദില്‍ ഒരു ആഡംബര ഹില്‍ടോപ് ഹോം സിന്ധുവിനു സ്വന്തമായുണ്ട്. റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാനുള്ള അവരുടെ അഭിരുചി കൂടിയാണ് ഇതു ശരിവയ്ക്കുന്നത്. കൂടാതെ മികച്ച ചില ആഡംബര കാറുകളുടെ കളക്ഷനും സിന്ധുവിനുണ്ട്. പക്ഷെ ഇവയില്‍ പലതും താരത്തിനു ചിലര്‍ സമ്മാനിച്ചതുമാണ്.
തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജുന അക്കിനേനി ഒരു ബിഎംഡബ്ല്യു എക്‌സ് 5 എന്ന ആഡംബര കാര്‍ സിന്ധുവിനു സമ്മാനമായി നല്‍കിയിരുന്നു. കൂടാതെ മഹീന്ദ്ര ഗ്രൂപ്പിന്റെ മേധാവിയായ ആനന്ദ് മഹീന്ദ്ര നേരത്തേ ഒരു ഥാര്‍ വാഹനവും ഇന്ത്യന്‍ താരത്തിനു സമ്മാനിച്ചിട്ടുണ്ട്.
2019ല്‍ ചൈനീസ് ബ്രാന്‍ഡായ ലി നിങുമായി സിന്ധു പരസ്യ കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം 50 കോടി രൂപയാണ് താരത്തിനു കമ്പനി വാഗ്ദാനം ചെയ്തത്. കൂടാതെ മെയ്ബില്ലൈന്‍, ബാങ്ക് ഓഫ് ബറോഡ, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയടക്കമുള്ള ചില കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് സിന്ധു.

ഇന്‍സ്റ്റഗ്രാമില്‍ നാലു മില്ല്യണ്‍ ഫോളോവേഴ്‌സും ഇന്ത്യന്‍ സൂപ്പര്‍ താരത്തിനുണ്ട്. ഇതും തങ്ങളുമായി സഹകരിക്കാന്‍ പല ബ്രാന്‍ഡുകളും സിന്ധുവിനെ സമീപിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
വെങ്കടയുടെ സമ്പാദ്യം
ആകെ ആസ്തിയെടുത്താല്‍ പിവി സിന്ധുവിനേക്കാള്‍ ഏറെ മുന്നിലാണ് വെങ്കട ദത്ത സായിയെന്നു കണക്കുകള്‍ പറയുന്നു. പോസിഡോഡ്ക്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ അദ്ദേഹത്തിന്റെ ആകെ ആസ്തി 150 കോടിയോളം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഓപ്പറേഷന്‍ വിഭാഗം മേധാവിയായും വെങ്കട പ്രവര്‍ത്തിച്ചിട്ടുണ്ട്.