കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ച ഒഴിവിലേക്ക് മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാനെ നിയമിച്ചു. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ചായിരുന്ന ടെറി ഫെലാന്‍ നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരന്‍ ഡിസില്‍വയാണ് പുതിയ കോച്ചിനെ നിയമിച്ച കാര്യം അറിയിച്ചത്.
പീറ്റര്‍ ടെയ്‌ലര്‍ വിരമിച്ചതിനെ തുടര്‍ന്ന് സഹകോച്ചായ ട്രെവര്‍ മോര്‍ഗനാണ് ടീമിനെ അവസാന മത്സരത്തില്‍ ഗ്രൗണ്ടിലിറക്കിയത്. മോര്‍ഗന്റെ ശിക്ഷണത്തില്‍ കൊച്ചിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടുകയും ചെയ്തിരുന്നു.

ടീമിന്റെ കോച്ചായി തുടരുന്നതില്‍ മോര്‍ഗന് താത്പര്യമില്ലാത്തിനെ തുടര്‍ന്നാണ് ടെറി ഫെലാനെ നിയമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സീസന്റെ തുടക്കം മുതല്‍ കളിക്കാരുമായി ഫെലാന് അടുപ്പമുണ്ടെന്നും കളിക്കാര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിന്റെ രീതികള്‍ സഹായിക്കുമെന്നും ഡിസില്‍വ പറഞ്ഞു.
ഇഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും സെക്കന്റ് ലീഗിലെയും പ്രമുഖ ക്ലബ്ബുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് ടെറി ഫെലാന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ ടീമുകള്‍ക്കായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 42 മത്സരങ്ങളില്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനുവേണ്ടിയും കളത്തിലിറങ്ങി. 1994ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു.