ലണ്ടന്‍: യൂറോ കപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ ഇംഗ്ലീഷ് ഫുട്‌ബോള്‍ കോച്ച് റോയ് ഹോഡ്ജ്‌സണിനു പകരം ജര്‍മനിയുടെ ഇതിഹാസതാരം ജുര്‍ഗന്‍ ക്ലിന്‍സ്മാന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ലിന്‍സ്മാനും ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനും തമ്മില്‍ ഇതുസംബന്ധിച്ച് അന്തിമ ചര്‍ച്ച നടക്കുകയാണ്.
ജര്‍മനിയുടെ ടീം മാനേജറും ക്ലിന്‍സ്മാന്റെ അടുത്ത സുഹൃത്തുമായ ഒലിവര്‍ ബീറോഫ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ലിന്‍സ്മാന്‍ എല്ലാംകൊണ്ടും ഇംഗ്ലണ്ടിന് അനുയോജ്യനായ കോച്ച് ആയിരിക്കുമെന്ന് ബീറോഫ് പറയുന്നു. ഇംഗ്ലീഷ് അറിയാമെന്നതും കോച്ചിങ് രംഗത്തെ പരിചയവും ക്ലിന്‍സ്മാന്റെ പ്ലസ് പോയന്റാണ്.

2018 ലോകകപ്പിനായി ടീമിനെ ഒരുക്കുകയായിരിക്കും പുതിയ കോച്ചിന്റെ ചുമതല. നിലവില്‍ അമേരിക്കന്‍ ദേശീയ ടീമിന്റെ കോച്ചാണ് ക്ലിന്‍സ്മാന്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ സെമിഫൈനല്‍വരെ എത്തിയ അമേരിക്ക ക്ലിന്‍സ്മാന് കീഴില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജര്‍മന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന വേളയിലും ക്ലിന്‍സ്മാന്‍ മികച്ച പരിശീലകനെന്ന നിലയില്‍ പേരെടുത്തിരുന്നു.
ദുര്‍ബലരായ ഐസ്‌ലന്‍ഡിനോട് പരാജയപ്പെട്ട് യൂറോകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍തന്നെ പുറത്തോയതോടെയാണ് റോയ് ഹോഡ്ജ്‌സണ്‍ ഇംഗ്ലീഷ് കോച്ചിന്റെ സ്ഥാനം ഒഴിയുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും ഒത്തൊരുമയോടെ കളിക്കുന്ന ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയാത്തത് ഇംഗ്ലണ്ട് ടീമിന് വിനയായി. മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കുകയായിരിക്കും പുതിയ കോച്ചിന്റെ പ്രഥമ ചുമതല.