ലോക ചെസില്‍ ഇന്ത്യക്കു അഭിമാനിക്കാന്‍ വീണ്ടുമൊരു നേട്ടം കൂടി. ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം ചൂടിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ താരം കൊനേരു ഹംപി. ഇന്തോനേഷ്യയുടെ ഐറീന്‍ സുക്കന്തറിനെ വീഴ്ത്തിയാണ് ഇന്ത്യന്‍ വെറ്റന്‍ താരത്തിന്റെ വമ്പന്‍ നേട്ടം. ഇതു രണ്ടാം തവണയാണ് ഹംപി ലോക ചാംപ്യന്‍ പട്ടത്തിന് അവകാശിയായത്. നേരത്തേ 2019ല്‍ ജോര്‍ജിയയില്‍ നടന്ന ചാംപ്യന്‍ഷിപ്പിലായിരുന്നു 37 കാരിയുടെ കന്നിക്കിരീടം.
രണ്ടാം തവണയും ലോക ചാംപ്യനായതോടെ എലൈറ്റ് ക്ലബ്ബിലും അംഗമായിരിക്കുകയാണ് ഹംപി. ഒരു ഇന്ത്യന്‍ താരം ഇതാദ്യമായാണ് ഈ നേട്ടത്തിന് അവകാശിയായിരിക്കുന്നത്. കൂടാതെ ചൈനയുടെ യു വെന്‍യുന് ശേഷം ശേഷം രണ്ടു തവണ ലോക റാപ്പിഡ് ചെസ് കിരീടം സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ഹംപിയെ തേടിയെത്തി. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ 11ല്‍ 8.5 പോയിന്റും സ്വന്തമാക്കിയാണ് ഹംപി ലോക ചാംപ്യന്‍പട്ടം കൈക്കലാക്കിയത്.

പുരുഷ വിഭാഗത്തില്‍ റഷ്യയുടെ 18 കാരനായ താരം വൊളോഡര്‍ മുര്‍സിനാണ് ലോക കിരീടത്തിന് അവകാശിയായത്. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. നേരത്ത 17ാം വയസ്സില്‍ ഫിഡെ ലോക റാപ്പിഡ് ചാംപ്യനായ നോഡിര്‍ബെക്ക് അബ്ദുസത്രോവിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.
അടുത്തിടെയാണ് സിംഗപ്പൂരില്‍ നടന്ന ക്ലാസിക്കല്‍ ഫോര്‍മാറ്റിലുള്ള ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷ് ജേതാവായത്. ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തിയായിരുന്നു മുന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക കിരീടം നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി ഗുകേഷ് മാറിയത്. ഇതിന്റെ ആവേശം മാറുന്നതിനു മുമ്പാണ് ഇപ്പോള്‍ ഹംപിയിലൂടെ വീണ്ടുമൊരു ലോക ചെസ് കിരീടം ഇന്ത്യയിലെത്തിയിരിക്കുന്നത്.
റാപ്പിഡ് ചെസ് ലോക ചാംപ്യന്‍ഷിപ്പുകളില്‍ എല്ലായ്‌പ്പോഴും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ഹംപി. 2012ല്‍ റഷ്യയിലെ മോസ്‌കോയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ അവര്‍ വെങ്കല മെഡല്‍ കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഉസ്‌ബെക്കിസ്താനിലെ സമര്‍കണ്ടില്‍ നടന്ന അവസാന എഡിഷനില്‍ വെള്ളി നേടാനും ഹംപിക്കായിരുന്നു.