ഒമ്പതു വര്‍ഷത്തോളം നീണ്ട തന്റെ കഠിനാധ്വാനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് കഴിഞ്ഞ ഏഷ്യന്‍ ഗെയിംസെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബ്ലേഡ് റണ്ണറെന്നറിയപ്പെടുന്ന ശാലിനി സരസ്വതി. 2023ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടന്ന അംഗപരിമിതര്‍ക്കായുള്ള ഏഷ്യന്‍ പാരാ ഗെയിംസിലാണ് 40കാരിയായ താരം പങ്കെടുത്തത്. T62 കാറ്റഗറിയില്‍ രണ്ടു കാലിലും ബ്ലേഡുകള്‍ ഉപയോഗിച്ച് ഓടിയ ഏറ്റവും വേഗതയേറിയ ഏഷ്യന്‍ വനിതയെന്ന റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് ഇവര്‍.
2012ലായിരുന്നു ശാലിനിയുടെ ജീവിതവും കരിയറുമെല്ലാം അടിമുടി മാറ്റിമറിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. അവധിക്കാലം കഴിഞ്ഞ് കംബോഡിയയില്‍ നിന്നു മടങ്ങിവരവെ ഇവര്‍ ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഒരു പനിയായി തുടങ്ങിയ അസുഖം ശാലിനിയുടെ വില്ലനായി മാറുകയായിരുന്നു. ഒരു അപൂര്‍വ്വ ബാക്ടീരിയ മൂലമുള്ള അണുബാധയെ തുടര്‍ന്ന് അവര്‍ക്കു ആദ്യം ഗര്‍ഭസസ്ഥ ശിശുവിനെ നഷ്ടമായി.

പിന്നാലെ ശരീരത്തിലെ മറ്റു അവയങ്ങളെയും അസുഖം ബാധിക്കുകയും തുടര്‍ന്നു കോമയിലേക്കു വീഴുകയും ചെയ്തു. പിന്നീട് ബോധം വന്നപ്പോള്‍ കൈകാലുകളുടെ ശേഷി ശാലിനിക്കു നഷ്ടമായിരുന്നു. തുടര്‍ന്നു ഇരു കൈകളും കാലുകളും മുറിച്ചു നീക്കുകയും ചെയ്യുകയായിരുന്നു. ജീവിതം തന്നെ അവസാനിച്ചെന്നു കരുതിയ ഇടത്തു നിന്നും ശാലിനി ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.
വെല്ലുവിളികളെ ആത്മവിശ്വാസത്തോടം നേരിട്ട അവര്‍ക്കു കീഴടങ്ങാന്‍ മനസ്സിലായിരുന്നു. ബിപി അയ്യപ്പയെന്ന കോച്ചിനു കീഴില്‍ ശാലിനി കായികരംഗത്തേക്കു ചുവടുവയ്ക്കുകയും പിന്നീട് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പാരാ അത്‌ലറ്റുകളില്‍ ഒരാളായി മാറുകയുമായിരുന്നു.
പാരാ അത്‌ലറ്റികസില്‍ 2021ല്‍ ദേശീയ തലത്തില്‍ സ്വര്‍ണവും 2022ല്‍ വെള്ളിയും ശാലിനി നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും മാറ്റുരച്ച് അവര്‍ ലോകത്തിനു മുന്നിലും രാജ്യത്തിന്റെ അഭിമാനമായി മാറുകയായിരുന്നു. ഏഷ്യന്‍ ഗെയിംസിലെ തയ്യാറെടുപ്പിനെക്കുറിച്ചും രാജ്യത്തെ പാരാ അത്‌ലറ്റിക്‌സിനെക്കുറിച്ചും മനസ്സ്തുറക്കുകയാണ് ശാലിനി.
ഏഷ്യന്‍ ഗെയിംസിലെ അനുഭവം
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനായത് അവിസ്മരണീയ അനുഭവമായിരുന്നു. പ്രത്യേകിച്ചും ഒട്ടും തന്നെ കായിക ബന്ധമില്ലാത്ത ഒരു ചുറ്റുപാടില്‍ നിന്നും വന്നയാളാണ് ഞാന്‍. ഞാന്‍ കായിക രംഗത്തേക്കു ചുവടു വച്ചത് ശാരീരികമായ വൈകല്യമുണ്ടായതിനു ശേഷമാണ്. ഏതെങ്കിലുമൊരു അത്‌ലറ്റിക് ഇവന്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നു പോലും ഞാന്‍ പ്രതീക്ഷിച്ചതല്ല.
ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനായത് വളരെയധികം അഭിമാനം നല്‍കിയ നിമിഷമായിരുന്നുവെന്നും ശാലിനി പറയുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ഒരുപാട് അത്‌ലറ്റുകളെ കാണാനും പരിചയപ്പെടാനുമുള്ള അവസരം കൂടിയാണ് ഗെയിംസ് എനിക്കു നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.
ഗെയിംസിനായുള്ള തയ്യാറെടുപ്പുകള്‍
2014 ഏപ്രില്‍ 14നാണ് ഞാന്‍ ആദ്യമായി പരിശീലനം നടത്താന്‍ ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പോയത്. കോച്ച് അയ്യപ്പയും കൂടെയുണ്ടായിരുന്നു. ഓടാന്‍ സാധിക്കുമെന്നൊന്നും അന്നു കരുതിയതല്ല. പഴയതുപോലെ നടക്കാന്‍ സാധിക്കുന്നതിനെക്കുറിച്ചാണ് അപ്പോള്‍ ചിന്തിച്ചത്. പിന്നീട് ഓടാന്‍ സാധിക്കുമെന്നു ആത്മവിശ്വാസം വന്നതോടെയാണ് ഓട്ടത്തെക്കുറിച്ചുമെല്ലാം ഞങ്ങള്‍ ആലോചിച്ചത്.
ടിസിഎസില്‍ (TSC World 10 K Bengaluru) തുടര്‍ച്ചയായി രണ്ടു വര്‍ഷം ഞാന്‍ ഓടിയിരുന്നു. അതിനു ശേഷമാണ് നമുക്ക് പ്രൊഫഷണലായി ഇതേക്കുറിച്ച് ശ്രമിക്കാമെന്നു കോച്ച് പറഞ്ഞതെന്നും ശാലിനി പറഞ്ഞു. ഞാന്‍ തുടങ്ങിയ സമയത്തു പാരാ അത്‌ലറ്റിക്‌സ് ഇന്നത്തേതു പോലെ അത്ര വലുതായിരുന്നില്ല. ഇന്ത്യയിലെ ഒരേയൊരു ബ്ലേഡ് റണ്ണര്‍ കൂടിയാണ് ഞാന്‍. ഏഷ്യന്‍ ഗെയിംസില്‍ പോലും ഒരു കാലിനു വൈകല്യമുള്ള അത്‌ലറ്റുകളാണ് ഉണ്ടായിരുന്നത്.
എന്റെ കോച്ച് മുമ്പൊരിക്കലും ഒരു പാരാ അത്‌ലറ്റിനെ പരിശീലിപ്പിച്ചയാളല്ല. ആദ്യമായാണ് അദ്ദേഹം എന്നെപ്പോലെയൊരു അത്‌ലറ്റിനെ പരിശീലിപ്പിച്ചത്. അതുകൊണ്ടുതന്നെ ബ്ലേഡില്‍ എങ്ങനെ ഓടണമെന്നത് അദ്ദേഹത്തിനും ആദ്യം പഠിക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് ഒരുപാട് പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം നടത്തേണ്ടതായും വന്നു. ഒമ്പതു വര്‍ഷത്തെ കഠിനാധ്വാനത്തിനു ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ താന്‍ പങ്കെടുത്തതെന്നും ശാലിനി വ്യക്തമാക്കി.
പാരാലിംപിക്‌സിലേക്കു കൂടുതല്‍ പേര്‍
പാരാലിംപിക്‌സിലേക്കു ഇന്ത്യയില്‍ നിന്നും കൂടുതല്‍ അത്‌ലറ്റുകള്‍ വരുന്നത് നല്ല കാര്യമാണ്. സാധാരണ അത്‌ലറ്റുകളേക്കാള്‍ മെഡലുകള്‍ പാരാ അത്‌ലറ്റുകള്‍ക്കു ഒളിംപിക്‌സിലുള്‍പ്പെടെ നേടാന്‍ സാധിക്കുകുയും ചെയ്യുന്നു. ശാരീരിക വൈകല്യമുള്ള ഒരുപാട് പേര്‍ ഇപ്പോള്‍ പാരാ അത്‌ലറ്റിക്‌സിലേക്കു വരികയും കൂടുതല്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇതു വളരെ നല്ല കാര്യം തന്നെയാണെന്നും ശാലിനി വ്യക്തമാക്കി.