ഹാമില്‍ട്ടണ്‍: ദക്ഷിണാഫ്രിക്കയില്‍ തോറ്റപ്പോള്‍ ആശ്വാസം ന്യൂസിലന്‍ഡ് പരമ്പര ഉണ്ടല്ലോ എന്നായിരുന്നു. അതും കഴിഞ്ഞു. തോല്‍ക്കാന്‍ ഈ വര്‍ഷം മത്സരങ്ങളൊന്നും ബാക്കിയില്ലല്ലോ എന്ന് 'യോദ്ധ'യിലെ ജഗതിയോട് ഉര്‍വ്വശി പറഞ്ഞതുപോലെയാണ് ഇപ്പോള്‍ ടീം ഇന്ത്യയുടെ കാര്യങ്ങള്‍. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് ഒരു പര്യടനം മാത്രമാണ് ലോകചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ബാക്കിയുള്ളത്.
ലോക ചാമ്പ്യന്മാരാണ്, ഒന്നാം നമ്പര്‍ ടീമാണ്, ഓസ്‌ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും അടിച്ചു പറപറത്തി വിട്ടതാണ് എന്നൊക്കെ പറഞ്ഞാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയത്. മോണി മോര്‍ക്കലും ഡെയ്ല്‍ സ്‌റ്റെയ്‌നും എറിഞ്ഞ് തകര്‍ത്ത് വിട്ട ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ തോറ്റത് 2 -0 എന്ന സ്‌കോറിന്. പരമ്പരയിലെ ഒരു കളി മഴ കൊണ്ടുപോയത് കൊണ്ട നാണക്കേട് അത്രയും കുറഞ്ഞു.

അടുത്ത ഊഴം ന്യൂസിലന്‍ഡിലായിരുന്നു. ആദ്യ രണ്ട് കളികളും തോറ്റ ഇന്ത്യയ്ക്ക് അവിശ്വസനീയമായി കളിച്ച് സര്‍ ജഡേജ ഒരു ടൈയിലൂടെ പരമ്പരയില്‍ ജീവന്‍ നല്‍കി. നാലും അഞ്ചും കളികള്‍ ജയിച്ച് പരമ്പര സമനിലയിലാക്കുമെന്ന് ധോണി പോലും പറഞ്ഞു. എന്നാല്‍ നാലാമത്തെ ഏകദിനത്തില്‍ തകര്‍പ്പന്‍ ഒരു സെഞ്ചുറിയോടെ മുന്‍ നായകന്‍ റോസ് ടെയ്‌ലര്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ കാറ്റ് കുത്തി.
നാലാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യയുടെ മുന്നില്‍ ചോദ്യങ്ങള്‍ ഒട്ടേറെയാണ്. ക്യാപ്റ്റന്‍ ധോണിയുടെ അമിതമായ ആത്മവിശ്വാസവും അതില്‍പ്പെടും. അശ്വിന്‍, റെയ്‌ന, രോഹിത് ശര്‍മ തുടങ്ങിയ കളിക്കാരെ ഫോമില്ലാതെ ധോണി എത്രകാലം ചുമക്കും. നിലവാരമില്ലാത്ത ബൗളിംഗും മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനവും ടീം ഇന്ത്യയ്ക്ക് തലവേദനയാണ്. ഫാസ്റ്റ് ബൗളിംഗിനെ തുണയ്ക്കുന്ന വിദേശ പിച്ചുകളിലാണ് അടുത്ത ലോകകപ്പ് എന്നതും സെലക്ടര്‍മാര്‍ കാണാതെ പോകരുത്.