വിഴിഞ്ഞം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ ഒറ്റ ദിവസം കൊണ്ടാണ് ദേശീയ താരമായത്. സഞ്ജു വി സാംസണും കേരളത്തിനും ഇനിയും ആഘോഷങ്ങള്‍ തീര്‍ന്നിട്ടില്ല. നാനാഭാഗത്തുനിന്നും ആശംസകള്‍ ഒഴുകിയെത്തുക്കയാണ്. ജന്മനാടായ വിഴിഞ്ഞവും ആഘോഷത്തിനോ ആരവത്തിനോ ഒട്ടും കുറവുവരുത്തിയില്ല.
പക്ഷെ ആഘോഷങ്ങള്‍ അതിരുവിടുകയും തന്നെ ഒരു സെലിബ്രേറ്റിയായി ജനങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ സഞ്ജു പറയുന്നു ഞാനൊരു സാധാരണക്കാരനാണ്. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടതിന് സന്തോഷമുണ്ട്. എന്നാല്‍ എന്നെ ഒരു സെലിബ്രേറ്റിയായി കാണാതെ നാട്ടുകാരില്‍ ഒരാളായി കാണണമെന്ന് സഞ്ജു പറഞ്ഞു.

വിഴിഞ്ഞം തുലവില മദര്‍തെരേസ സ്മാരക ഗ്രന്ഥസ്ഥാല അങ്കണവാടിയിലാണ് സഞ്ജുവിന് സ്വീകരണമൊരുക്കിയത്. വിഴിഞ്ഞം ജങ്ഷനില്‍ നിന്ന് നൂറോളം ബൈക്കുകളുടെയും ശിങ്കാരി മേളങ്ങളുടെയും അകമ്പടിയോടെയാണ് സഞ്ജുവിനെ ആനയിച്ചത്.
കേരളത്തിലെ തീരദേശ കുട്ടികളുടെ കളിമിടുക്ക് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മികവുറ്റതാണ്. ഏത് കായിക ഇനമായാലും നന്നായി കളിക്കുക എന്നതാണ് പ്രധാനമെന്നും വിജയവും ഉന്നതിയും പിന്നാലെ വരുമെന്നും 19 കാരനായ സഞ്ജു സാംസണ്‍ പറഞ്ഞു.
സഞ്ജുവിനെ കാണാന്‍ റോഡിന്റെ ഇരുവശത്തും ജനം തിങ്ങിക്കൂടിയിരുന്നു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയവരെയൊന്നും സഞ്ജു നിരാശപ്പെടുത്തിയില്ല. ആഗസ്റ്റ് ആറിന് സഞ്ജു പഠിക്കുന്ന കോളേജിലും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അത്യുഗ്രന്‍ സ്വീകരണം നല്‍കിയിരുന്നു. തിരുവനന്തപുരം മാന്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സഞ്ജു.