അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കാവുന്നയാളാണ് ജാവ്‌ലിന്‍ ത്രോ സെന്‍സേഷന്‍ നീരജ് ചോപ്ര. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ കൊയ്തതോടെയാണ് 25 കാരന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്. കരിയറില്‍ പിന്നീട് താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മല്‍സരിച്ച ചാംപ്യന്‍ഷിപ്പുകളിലെല്ലാം നീരജിന്റെ ജാവ്‌ലില്‍ നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു പറന്നുയര്‍ന്നു.
ഏറ്റവും ഒടുവിലായി ലോക അത്റ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും നീരജ് കുതിച്ചിരിക്കുകയാണ്. അതോടൊപ്പം അടുത്ത വര്‍ഷം പാരീസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിനു അദ്ദേഹം യോഗ്യത സ്വന്തമാക്കുകയും ചെയ്തു.

ഇന്നു നടന്ന (ആഗസ്റ്റ് 25) യോഗ്യതാ മല്‍സരത്തില്‍ 88.77 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലില്‍ തന്റെ സ്ഥാനമുറപ്പിച്ചത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ കൂടിയാണ് അദ്ദേഹം. അതേസമയം, അത്‌ലറ്റെന്ന നിലയില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്കുള്ള വളര്‍ച്ച നീരജിനെ ജീവിതത്തിലും സാമ്പത്തികമായി ഏറെ മുന്നേറാന്‍ സഹായിച്ചിട്ടുണ്ട്.
നിലവില്‍ കോടികള്‍ ആസ്തിയുള്ള അത്‌ലറ്റ് കൂടിയാണ് അദ്ദേഹം. നീരജിന്റെ കൈവശമുള്ള എട്ടു മൂല്യമേറിയ വസ്തുക്കള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. 2020ലെ ഒളിംപിക്‌സില്‍ സ്വന്തമാക്കിയ സ്വര്‍ണമെഡല്‍ തന്നെയാവും നീരജിന്റെ ഏറ്റവും മൂല്യമേറിയ സമ്പാദ്യമെന്ന കാര്യത്തില്‍ സംശയമില്ല.
ചരിത്രപരമായ അതിന്റെ പ്രാധാന്യം കൂടി പരിഗണിക്കുമ്പോള്‍ താരത്തിന്റെ പക്കലുള്ള മറ്റൊന്നിനും ഈ മെഡലിനെ പിന്നിലാക്കാന്‍ സാധിക്കില്ല. മഹീന്ദ്രയുടെ എസ്‌യുവി 700 എന്ന വാഹനമാണ് മൂല്യമേറിയ സാധനങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതുള്ളത്. 15.85 മുതല്‍ 30 ലക്ഷം രൂപ വരെ വില മതിക്കുന്ന ആഡംബര വാഹനമാണിത്. ഒളിംപിക്‌സ് സ്വര്‍ണം നേടിയ ശേഷം താരത്തിനു സമ്മാനമായി ലഭിച്ച എസ്‌യുവി കൂടിയാണിത്.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ടെന്ന ആഡംബര വാഹനമാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. പ്രീമിയം എസ്‌യുവിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വാഹനത്തിന്റെ വില 1.98 കോടി രൂപ മുതല്‍ 2.22 കോടിയോളം രൂപ വരും. നീരജിന്റെ കൈവശമുള്ള മറ്റൊരു ആഡംബര എസ്‌യുവിയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. 36.05 ലക്ഷം മുതല്‍ 54.91 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില വരുന്നത്.
ഫോര്‍ഡ് മസ്റ്റാങ് ജിടിയെന്ന ആഡംബര കാറും നീരജിനു സ്വന്തമായുണ്ട്. മികച്ച സ്‌റ്റൈലും പവറുമുള്ള സ്‌പോര്‍ട്‌സ് കാറാണിത്. ഇതിന്റെ വില ഏകദേശം 93.5 ലക്ഷം രൂപയോളം വരും. ഹാര്‍ളി ഡേവിഡ്‌സണ്‍ 1200 റോഡ്‌സ്റ്റര്‍ ബൈക്കാണ് നീരജിന്റെ മറ്റൊരു മൂല്യമേറിയ സമ്പാദ്യം. പ്രീമിയം ക്രൂയിസര്‍ ബൈക്കായ ഇതിന്റെ വില 11 ലക്ഷത്തോളം രൂപയാണ്.
ആഡംബര വാഹനങ്ങള്‍ കൂടാതെ പള്‍സര്‍ 220 എഫ് ബൈക്കും നീരജിനുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ സ്‌പോര്‍ട്‌സ് ബൈക്കുകളിലൊന്നായ ഇതിനു 1.31 ലക്ഷം രൂപയോളം വില വരും. ഹരിയാനയിലെ പാനിപത്തിലുള്ള മൂന്നുനില വീടാണ് നീരജിന്റെ മറ്റൊരു വലപിടിപ്പുള്ള സമ്പാദ്യം. അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തോടൊപ്പം താരം താമസിക്കുന്ന വീട് മാത്രമല്ല ഇത്. ഒളിംപിക് സ്വര്‍ണമടക്കം തന്റെ കായിക കരിയറിലെ ഇതുവരെയുള്ള മെഡല്‍ നേട്ടങ്ങളെല്ലാം നീരജ് സൂക്ഷിച്ചിരിക്കുന്നത് ഈ വീട്ടിലാണ്.