ലണ്ടന്‍: 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ വേദി ഖത്തറിന് അനുവദിച്ചത് അസംബന്ധമാണ് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ സ്‌ട്രൈക്കര്‍ ഗാരി ലിനേക്കര്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഫിഫയുടെ തീരുമാനത്തെയും ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഫിഫയില്‍ വന്‍ തോതിലുള്ള അഴിമതി നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
2018ലെ ലോകകപ്പ് വേദിക്കായുള്ള നറുക്കെടുപ്പില്‍ ഇംഗ്ലണ്ടിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ലിനേക്കര്‍. എന്നാല്‍ റഷ്യയ്ക്കാണ് വേദി ലഭിച്ചത്. ഇംഗ്ലണ്ട് ശരിയായ വഴിയിലൂടെയാണ് പോയത്. എന്നാല്‍ പിറകിലൂടെയുള്ള പല വഴികളും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിന് വേദി ലഭിക്കുന്നതിനു മുന്‍പുള്ള രാത്രി താന്‍ ഡേവിഡ് ബെക്കാമുമൊത്ത് ബര്‍ഗര്‍ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. തങ്ങള്‍ മാത്രമേ ഇങ്ങനെ ശ്രമിക്കുന്നുള്ളൂ. നേരത്തെ എല്ലാം പറഞ്ഞുറപ്പിച്ചതായാണ് തനിക്ക് ഫീല്‍ ചെയ്യുന്നതെന്ന് അന്നു തന്നെ ബെക്കാമിനോട് താന്‍ പറഞ്ഞതായി ലിനേക്കര്‍ ഓര്‍മിച്ചു. വന്‍ അഴിമതി ഫിഫയില്‍ അരങ്ങേറുന്നുണ്ട്. സെപ് ബ്ലാറ്റര്‍ ഏകാധിപതിയെപോലെയാണ് പെരുമാറുന്നത്. ഇതിന് അവസാനമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ എല്ലാ ഭാഗത്തെക്കും ഫുട്‌ബോള്‍ ലോകകപ്പ് എത്തുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ. എന്നാല്‍ കടുത്ത വേനല്‍ക്കാലത്ത് ഒരു രാജ്യത്ത് ലോകകപ്പ് നടക്കുകയെന്ന് പറഞ്ഞാല്‍ അഴിമതിയല്ലാതെ മറ്റെന്താണ് അതിന് പിന്നിലെന്ന് ലിനേക്കര്‍ ചോദിക്കുന്നു. ഫിഫയുടെ അഴിമതിക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തണം. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.