ബെല്‍ജിയം ഫുട്‌ബോള്‍ താരം മരിച്ചു; ദു:ഖം അടക്കാനാകാതെ സഹതാരങ്ങള്‍
ബ്രസല്‍സ്: ബെല്‍ജിയം ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലോക്കറന്റെ പ്രതിരോധ താരമായിരുന്ന ഗ്രിഗറി മെര്‍ട്ടിനസ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഗെന്‍കുമായുള്ള മത്സരത്തിനിനിടെ മൂന്നു ദിവസം മുന്‍പാണ് ഗ്രിഗറി അപകടാവസ്ഥയിലായത്. എതിര്‍ ടീമംഗവുമായി കൂട്ടിയിച്ചുവീണ ഗ്രിഗറിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാസന്ന നിലയില്‍ കഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഗ്രിഗറിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള നേരിയ സാധ്യതപോലും ഡോക്ടര്‍മാര്‍ തള്ളിയിരുന്നു. കൂട്ടിയിടിച്ചു വീണതിനു പിന്നീലെ ഹൃദയാഘാതം സംഭവിച്ചതും ഗ്രിഗറിയുടെ മരണത്തിന് കാരണമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

മത്സരത്തിന്റെ ഒന്നാം പകുതിയിലായിരുന്നു ഗ്രിഗറി മൈതാനത്ത് വീണത്. കളിക്കു മുന്‍പുതന്നെ യുവേഫയുടെ നിബന്ധനകളനുസരിച്ചുള്ള ആരോഗ്യപരിശോധനകള്‍ ഗ്രിഗറി പൂര്‍ത്തിയാക്കിയിരുന്നു. ഗ്രിഗറി പൂര്‍ണ ആരോഗ്യവാനായിരുന്നെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 24കാരനായ ഗ്രിഗറി ബെല്‍ജിയത്തിന്റെ ഭാവി വാഗ്ദാനമായാണ് കരുതപ്പെട്ടിരുന്നത്. ബെല്‍ജിയത്തിന്റെ അണ്ടര്‍ 19 ദേശീയ ടീമില്‍ ഗ്രിഗറി അംഗമായിരുന്നു. സീസണില്‍ 15 മത്സരങ്ങള്‍ ക്ലബ്ബിനുവേണ്ടി കളിച്ചു.
ഗ്രിഗറിയുടെ അപ്രതീക്ഷിത മരണം ടീം അംഗങ്ങളെ അഗാധമായ ദു:ഖത്തിലേക്കാണ് തള്ളിവിട്ടതെന്ന് ക്ലബ്ബ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വളരെ നേരത്തെ ഗ്രിഗറിക്ക് വിടവാങ്ങല്‍ നല്‍കിയിരിക്കുകയാണ്. മികച്ച ചികിത്സ നല്‍കിയെങ്കിലും ഗ്രഗറിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായില്ല. ഇത് ക്ലബ്ബിന്റെ ഏറ്റവും ദു:ഖാര്‍ത്തമായ ദിവസങ്ങളാണെന്നും ക്ലബ്ബ് അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications