തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല പതിമൂന്നാം തവണയും ജേതാക്കളായി. 253 പോയന്റകളുമായി വ്യക്തമായ മേധാവിത്വത്തോടെ എറണാകുളം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ പാലക്കാട് 196 പോയിന്റുമായി രണ്ടാമതും 101 പോയിന്റുകളുമായി തിരുവനന്തപുരം മൂന്നാമതുമെത്തി. സ്കൂള്‍ വിഭാഗത്തില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് 81 പോയിന്റുകളുമായി ഒന്നാമതായി. 62 പോയിന്റുമായി പാലക്കാട് കുമരംപുത്തൂര്‍ കല്ലടി സ്കൂള്‍ രണ്ടാമതും 50 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ മൂന്നാമതുമെത്തി.
തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജന്, തിരുവനന്തപുരം സായിയിലെ അഭിനവ് സി എന്നിവര്‍ സീനിയര്‍ വിഭാഗത്തില്‍ സ്പ്രിന്റ് ഡബിള്‍ സ്വര്‍ണം സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ്സും 100 മീറ്ററിലും 200 മീറ്ററിലുമായി ഇരട്ട സ്വര്‍ണം നേടിയിട്ടുണ്ട്.
മൂന്നുപേരാണ് ഇത്തവണ ട്രിപ്പിള്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍ എന്നീ ഇനങ്ങളില്‍ എറണാകുളം തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസ്, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍, 400 മീറ്റര്‍, 600 മീറ്റര്‍ എന്നീ ഇനങ്ങളില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ചിങ്കിസ് ഖാന്, സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ എന്നീ ഇനങ്ങളില്‍ എറണാകുളം കോതമംഗലം സെന്റ് ജോര്‍ജിലെ ആദര്‍ശ് ഗോപി എന്നിവരാണ് സ്വര്‍ണം നേടിയത്.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി കായികമേള മൂന്നുദിവസമായി ചുരുക്കിയിരുന്നു. പല ഇനങ്ങളും വെട്ടിച്ചുരുക്കുകയും ചെയ്തു. കായിക ഇനങ്ങള്‍ വെട്ടിച്ചുരുക്കിയത് മൂലം കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ടതായി പരാതിയും ഉയര്‍ന്നു. എന്നാല്‍, വരും വര്‍ഷത്തില്‍ കായിക മേള പതിവുപോലെ നടത്താമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.
ഹോക്കിയില്‍ വീണ്ടുമൊരു ഇന്ത്യ പാക്കിസ്ഥാന് ഫൈനല്‍ പോരാട്ടം