
കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ലക്ഷ്യത്തിലേക്കു ഒരു ചുവട് കൂടി അടുത്തു. പൊരുതി നേടിയ വിജയവുമായി സെമി ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ് സൂപ്പര്‍ താരം. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം.
ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ജിന്‍ വെയ് ഗോയെ താരം തോല്‍പ്പിക്കുകയായിരുന്നു. ആദ്യ ഗെയിം സിന്ധു 19-21നു കൈവിട്ടെങ്കിലും അടുത്ത രണ്ടു ഗെയിമുകളും 21-14, 21-18നു നേടി സെമി ടിക്കറ്റ് സ്വന്തമാക്കുകയായിരുന്നു. അതേസമയം, മറ്റൊരു വനിതാം സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ആകര്‍ഷി കാശ്യപ് തോറ്റ് പുറത്തായി. സ്‌കോട്ട്‌ലാന്‍ഡിന്റെ കേസ്റ്റി ഗില്‍മറിനോടാണ് ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 10-21, 7-21.
സ്‌ക്വാഷില്‍ തിരിച്ചടി
സ്‌ക്വാഷില്‍ രണ്ടു മല്‍സരങ്ങളിലാണ് ഇന്ത്യ ഇന്നു കളിച്ചത്. രണ്ടിലും തോല്‍വി നേരിടുകയും ചെയ്തു. പുരുഷ വിഭാഗം ഡബിള്‍സില്‍ വേലവന്‍ സെന്തില്‍കുമാര്‍- അഭയ് സിങ് സഖ്യമാണ് ഇന്ത്യക്കായി മല്‍സരിച്ചത്. എന്നാല്‍ മലേഷ്യയുടെ എയ്ന്‍ യോ- യുന്‍ ചീ വെന്‍ സഖ്യത്തോടു 8-11, 8-11 എന്ന സ്‌കോറിനു പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന മിക്‌സഡ് ഡബിള്‍സ് സെമിയില്‍ ദീപിക പള്ളിക്കല്‍ കാര്‍ത്തിക്- സൗരവ് ഖോശല്‍ സഖ്യവും ഇറങ്ങിയെങ്കിലും തോല്‍വി തന്നെയായിരുന്നു ഫലം. ന്യൂസിവലാന്‍ഡിന്റെ ജോല്ലെ കിങ്- കോള്‍ പോള്‍ ജോടി 7-11, 4-11ന് ഇന്ത്യന്‍ സഖ്യത്തെ കെട്ടുകെട്ടിച്ചു.

ടേബിള്‍ ടെന്നീസ്
ടേബിള്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സിള്‍സില്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍, ജി സത്യന്‍ എന്നിവര്‍ സെമി ഫൈനലിലേക്കു മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സിംഗപ്പൂര്‍ താരമായ യോങ് ഇസാഖ് ക്വെക്കിനെയാണ് ശരത് കമല്‍ 11-6, 11-7, 11-7നു ക്വാര്‍ട്ടറില്‍ തകര്‍ത്തുവിട്ടത്.
മറ്റൊരു ക്വാര്‍ട്ടറില്‍ ബ്രിട്ടന്റെ സാം വാക്കറിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സത്യന്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. സ്‌കോര്‍- 11-5, 11-7, 11-5, 8-11, 10-12, 11-9.