
കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു ഇന്നു നല്ല ദിവസമായിരുന്നു. വനിതകളുടെ ഹാമര്‍ ത്രോയില്‍ മഞ്ജു ബാല ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. വനിതകളുടെ 200 മീറ്ററില്‍ സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമാ ദാസ് സെമി ഫൈനലിലേക്കും മുന്നേറി. ഹാമര്‍ ത്രോ യോഗ്യതാ മല്‍സരത്തില്‍ 59.68 മീറ്റര്‍ എറിഞ്ഞാണ് മഞ്ജു ബാല ഫൈനലില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ 11ാംസ്ഥാനത്തായിരുന്നു താരം ഫിനിഷ് ചെയ്തത്. എന്നാല്‍ ഈയിനത്തില്‍ ദേശീയ റെക്കോര്‍ഡ് ജേതാവ് കൂടിയായ സരിത സിങും ഇന്ത്യക്കായി മല്‍സരിച്ചിരുന്നു. പക്ഷെ 57.48 മീറ്റര്‍ എറിഞ്ഞ താരത്തിനു ഫൈനലിലേക്കു യോഗ്യത നേടാനായില്ല. 13ാംസ്ഥാനത്ത് എത്താനേ സരിതയ്ക്കായുള്ളൂ. ആദ്യ 12പേര്‍ക്കാണ് ഫൈനലിലേക്കു യോഗ്യത ലഭിച്ചത്.
200 മീറ്റര്‍ ഹീറ്റ്‌സില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് 22 കാരിയായ ഹിമയുടെ ഫൈനല്‍ പ്രവേശനം. അഞ്ചു പേര്‍ മല്‍സരിച്ച രണ്ടാമത്തെ ഹീറ്റ്‌സില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് ഹിമ ജയിച്ചുകയറിയത്. സമയം 23.42 സെക്കന്റ്. സാംബിയയുടെ റോഡ ജോവു (23.85) രണ്ടാംസ്ഥാനത്തും ഉഗാണ്ടയുടെ ജാസെന്റ് യംഹുഗെ (24.07) മൂന്നാംസ്ഥാനത്തും ഫിനിഷ് ചെയ്തു. വനിതകളുടെ 300 മീറ്ററില്‍ ആറു ഹീറ്റ്‌സുകളാണ് നടന്നത്. ആദ്യത്തെ 16 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവരാണ് സെമിയില്‍ മല്‍സരിക്കുക.

ഈയിനത്തില്‍ ഹിമയേക്കാള്‍ മികച്ച സമയം കൊണ്ട് ഹീറ്റ്‌സില്‍ ജയിച്ചുകയറിയവര്‍ നൈജീരിയയുടെ ഒഫിലി (22.17 സെക്കന്റ), ജമൈക്കയുടെ സൂപ്പര്‍ താരം എലാനി തോംസണ്‍ ഹെറ (22.80) എന്നിവരാണ്. ഇവര്‍ മാത്രമല്ല ഹിമയേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത വേറെയും നാലു പേര്‍ കൂടിയുണ്ട്. അതുകൊണ്ടു തന്നെ സെമി ഫൈനലില്‍ ഇന്ത്യന്‍ താരത്തിനു പോരാട്ടം കൂടുതല്‍ കടുപ്പം തന്നെയായിരിക്കും.