
കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ നിന്നല്ലാതെ ഇത്തവണ ഇന്ത്യക്കു രണ്ടു മെഡലുകള്‍ ലഭിച്ചു. ജൂഡോയിലായിരുന്നു നാലാംദിനമായ ഇന്നു ഇന്ത്യക്കു ഓരോ വെള്ളിയും വെങ്കലവും ലഭിച്ചത് വനിതാ താരം സുശീല ദേവിയാണ് രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചത്. പുരുഷ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവിലൂടെ ഇന്ത്യ വെങ്കല മെഡലും കരസ്ഥമാക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം എട്ടായി ഉയരുകയും ചെയ്തു. മൂന്നു വീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
വനിതകളുടെ 48 കിഗ്രാം ഫൈനലില്‍ സ്വര്‍ണമോഹവുമായി ഇറങ്ങിയ സുശീലയെ സൗത്താഫ്രിക്കയുടെ മൈക്കേല വൈറ്റ്ബൂയി തോല്‍പ്പിക്കുകയായിരുന്നു. ആവേശകരമായ ഫൈനലില്‍ വാസ-അറി വഴിയായിരുന്നു വിജയികളെ തീരുമാനിച്ചത്. മല്‍സരം വെറും 4.25 മിനിറ്റ് കൊണ്ട് അവസാനിച്ചിരുന്നു. മണിപ്പൂര്‍ താരത്തിന്റെ രണ്ടാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ കൂടിയാണിത്.

2014ലെ ഗ്ലാസ്‌ഗോ ഗെയിംസിലും സുശീലയ്ക്കു വെള്ളി ലഭിച്ചിരുന്നു. ഇന്നു തന്നെ നടന്ന മല്‍സരത്തില്‍ മൗറീഷ്യസിന്റെ പ്രിസ്‌കില്ല മൊറാന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്കു മുന്നേറിയ ഇന്ത്യന്‍ താരം മെഡലുറപ്പാക്കിയത്. മണിപ്പൂര്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ് സുശീല.

പുരുഷന്‍മാരുടെ 60 കിഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സൈപ്രസിന്റെ പെട്രോസ് ക്രിസ്‌റ്റോഡുലിഡെസിനേ 10-0നു തകര്‍ത്താണ് വിജയ് വെങ്കലത്തിന്റെ അവകാശിയായി മാറിയത്. മല്‍സരം വെറും 58 സെക്കന്റ് കൊണ്ട് അവസാനിക്കുകയായിരുന്നു. ഇന്നു തന്നെ നടന്ന മറ്റൊരു കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ഡൈലോണ്‍ മണ്‍റോയെ തോല്‍പ്പിച്ചാണ് വിജയ് വെങ്കല മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടിയത്.
സൗരവ് ഖോശല്‍ സെമിയില്‍
സ്‌ക്വാഷ് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൗരവ് ഖോശാല്‍ സെമി ഫൈനലിലേക്കു മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ ഗ്രെഗ് ലോബനെ തോല്‍പ്പിച്ചാണ് സൗരവ് അവസാന നാലിലേക്കു മുന്നേറിയത്. 11-5, 9-11, 11-7, 11-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.