
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത്തവണത്തെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് മീരാബായി ചാനുവാണ് വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗോള്‍ഡന്‍ ഗേളായത്. 49 കിഗ്രാം ഫൈനലില്‍ റെക്കോര്‍ഡ് പ്രകടനവുമായാണ് മീര ഇന്ത്യക്കു സ്വര്‍ണം നേടിത്തന്നത്. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി താരം ഉയര്‍ത്തിയത് 201 കിഗ്രാമാണ്. ഗെയിംസ് റെക്കോര്‍ഡ് കൂടിയാമിത്. സ്‌നാച്ചില്‍ 88 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 113 കിഗ്രാമും മീരയ്ക്കു ഉയര്‍ത്താന്‍ സാധിച്ചു.
സ്‌നാച്ച് വിഭാഗത്തില്‍ രണ്ടാം ശ്രമത്തില്‍ 88 കിഗ്രാം മീര ഉയര്‍ത്തിയിരുന്നു. ഗെയിംസ് റെക്കോര്‍ഡ് കൂടിയായിരുന്നു. സ്‌നാച്ച് വിഭാഗം കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ മെഡല്‍ ഏറെക്കുറെ ഉറപ്പാക്കിയിരുന്നു. കാരണം എതിരാളികള്‍ക്കു മേല്‍ 12 കിഗ്രാമിന്റെ ലീഡ് മീര സ്‌നാച്ച് വിഭാഗം കഴിഞ്ഞപ്പോള്‍ സ്വന്തമാക്കിയിരുന്നു. ക്ലീന്‍ ആന്റ് ജര്‍ക്കിലും മീര തന്റെ ആധിപത്യം തുടര്‍ന്നു.

സ്വര്‍ണമെഡലുമായി രാജ്യത്തിന്റെ അഭിമാനമായ മാറിയ മീരബായി ചാനുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. അസാധാരണയായ മീരാബായ് ചാനു ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്. ബെര്‍മിങ്ഹാം ഗെയിംസില്‍ പതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡ് സ്ഥാപിച്ച് ഇവര്‍ സ്വര്‍ണം നേടിയതില്‍ ഓരോ ഇന്ത്യക്കാരനും ആഹ്ലാദിക്കുന്നു. ഇവരുടെ വിജയം ഒരുപാട് ഇന്ത്യക്കാര്‍ക്കു പ്രചേദനമാവും. പ്രത്യേകിച്ച് വളര്‍ന്നുവരുന്ന കായിക താരങ്ങളെ ഇതു പ്രചോദിപ്പിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
സ്‌ക്വാഷില്‍ ഇന്ത്യക്കു വിജയം
സ്‌ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ വിജയത്തോടെ അടുത്ത റൗണ്ടിലേക്കു മുന്നേറി. പുരുഷ വിഭാഗം റൗണ്ട് 32 മല്‍സരത്തില്‍ ഇന്ത്യയുടെ റമിത് ടണ്ടനു വാക്കോവര്‍ ലഭിച്ചു. എതിരാളിയായ ക്രിസ്റ്റഫര്‍ ബിന്നി പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്.
വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം ജോഷ്‌ന ചിന്നപ്പ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നു. മീഗന്‍ ബെസ്റ്റിനെയാണ് ജോഷ്‌ന 3-0നു തകര്‍ത്തുവിട്ടത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ സൗരവ് ഖോശലും പ്രീക്വാട്ടറിലെത്തി. ഷമില്‍ വകീലിനെ 11-4, 11-4, 11-6നു തകര്‍ത്തുവിടുകയായിരുന്നു.