
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു ഭാരോദ്വഹനത്തിലേക്കു മെഡലുകള്‍ വന്നുകൊണ്ടിരിക്കുകയാണെങ്കിലും മറ്റിനങ്ങളില്‍ ഇനിയും മെഡല്‍ ലഭിച്ചിട്ടില്ല. മൂന്നാംദിനം ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്കു ഫൈനലുണ്ടായിരുന്നു. പുരുഷന്‍മാരുടെ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ ഓള്‍ എറൗണ്ട് ഫൈനലില്‍ യോഗേശ്വര്‍ സിങായിരുന്നു മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയത്. പക്ഷെ അദ്ദേഹത്തിനു ആദ്യ അഞ്ചില്‍പ്പോലുമെത്താനായില്ല. 18 മാറ്റുരച്ച ഫൈനലില്‍ 15ാംസ്ഥാനത്താണ് യോഗേശ്വര്‍ ഫിനിഷ് ചെയ്തത്.

ഫൈനലില്‍ താരത്തിനു ലഭിച്ച സ്‌കോര്‍ 74.700 ആയിരുന്നു. ഫ്‌ളോര്‍ എക്‌സസൈസില്‍ 11.500, പൊമ്മെല്‍ ഹോഴ്‌സ് 12.900, റിങ്‌സ് 12.350, വോള്‍ട്ട് 13.200, പാരലല്‍ ബാര്‍സ് 12.050, ഹൊറിസോണ്ടല്‍ ബാര്‍ 12.700 എന്നിങ്ങനെ സ്‌കോറുകളാണ് യോഗേശ്വറിനു ലഭിച്ചത്. ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും ഇംഗ്ലണ്ടിനാണ്. ഇംഗ്ലണ്ടിന്റെ ജേക്ക് ജാര്‍മാന്‍ 83.450 എന്ന സ്‌കോറുമായി ഒന്നാമതെത്തിയപ്പോള്‍ ടീമംഗം ജെയിംസ് ഹാള്‍ 82.900 സ്‌കോറോടെ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തു. സൈപ്രസിന്റെ മരിയോസ് ജോര്‍ജിയുക്കാണ് (81.750) വെങ്കലം.
നീന്തലില്‍ ശ്രീഹരി നടരാജ് സെമിയില്‍
നീന്തലില്‍ പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ഇന്ത്യന്‍ താരം ശ്രീഹരി നടരാജ് സെമി ഫൈനലിലേക്കു യോഗ്യത നേടി. ആറാമത്തെ ഹീറ്റ്‌സില്‍ മല്‍സരിച്ച താരം 25.52 സെക്കന്റില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് സെമിയില്‍ കടന്നിരിക്കുന്നത്.
21കാരനായ ശ്രീഹരിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനമല്ല ഹീറ്റ്‌സിലേത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന 15ാമത് ലോക ചാംപ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ ശ്രീഹരി 24.40 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയിരുന്നു. ഈ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം മല്‍സരിച്ച രണ്ടാമത്തെ ഇനമാണ് 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക്. നേരത്തേ 100 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഫൈനലിലുംം ശ്രീഹരി ഇറങ്ങിയിരുന്നെങ്കിലും ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ശനിയാഴ്ച നടന്ന മല്‍സരത്തില്‍ 54.31 സെക്കന്റിലായിരുന്നു താരം മല്‍സരം പൂര്‍ത്തിയാക്കിയത്. പക്ഷെ സ്വന്തം പേരിലുളള ദേശീയ റെക്കോര്‍ഡിനു താഴെയാണ് ശ്രീഹരിയുടെ ഈ പ്രകടനം. 53.77 സെക്കന്റാണ് താരത്തിന്റെ റെക്കോര്‍ഡ് സമയം. കഴിഞ്ഞ വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സിലേക്കു ശ്രീഹരിക്കു യോഗ്യത നേടിക്കൊടുത്തതും ഈ പ്രകടനമാണ്.