
കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹത്തില്‍ നാലാമത്തെ മെഡലും ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. രണ്ടാംദിനം അവസാനമായി നടന്ന വനിതകളുടെ 55 കിഗ്രാം ഭാരോദ്വഹനത്തില്‍ ബിന്ദ്യറാണി ദേവി വെള്ളി മെഡല്‍ കരസ്ഥമാക്കി. നേരത്തേ മീരാബായ് ചാനു സ്വര്‍ണവും സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളിയും ഗുരുരാജ പുജാരി വെങ്കലവും ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിന്ദ്യയിലൂടെ ഇന്ത്യ വെള്ളിയും പിടിച്ചെടുത്തത്.
മീരാബായ് രാജ്യത്തിനു ആദ്യത്തെ സ്വര്‍ണം സമ്മാനിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിന്ദ്യറാണി വെള്ളി കൂടി അക്കൗണ്ടിലേക്കു ചേര്‍ത്തത്. ഫൈനലില്‍ സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി 202 കിഗ്രാമാണ് ബിന്ദ്യറാണി ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 86 കിഗ്രാം ഉയര്‍ത്തിയ അവര്‍ ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗത്തില്‍ 116 കിഗ്രാമും ഉയര്‍ത്തി. മൂന്നാമത്തെ ശ്രമത്തിലായിരുന്നു ബിന്ധ്യ 116 കിഗ്രാം ഉയര്‍ത്തിയത്. സ്‌നാച്ചില്‍ ആദ്യ ശ്രമത്തില്‍ 81 കിഗ്രാം ഉയര്‍ത്തിയ ഇന്ത്യന്‍ താരം തുടര്‍ന്ന് 84 കിഗ്രാം, 86 കിഗ്രാം എന്നിങ്ങനെ പ്രകടനം മെച്ചപ്പെടുത്തുകയായിരുന്നു.

നേരത്തേ പല ഭാരോദ്വഹന ചാംപ്യന്‍ഷിപ്പുകളിലും മെഡലുകള്‍ ചൂടിയിട്ടുണ്ടെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ധ്യറാണിക്ക് ഇതാദ്യമായിട്ടാണ് മെഡല്‍ ലഭിക്കുന്നത്. 2021ലെ ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്റ് ജര്‍ക്ക് ഇവനത്തില്‍ സ്വര്‍ണംനേടിയ താരം കൂടിയാണ് അവര്‍. കൂടാതെ 2019, 2021 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെള്ളിയും ബിന്ദ്യറാണിക്കു ലഭിച്ചിട്ടുണ്ട്.

വനിതാ ഹോക്കിയില്‍ രണ്ടാം വിജയം
വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൊയ്തു. വെയ്ല്‍സിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. നേരത്തേ ആദ്യ മല്‍സരത്തില്‍ ഘാനയെ 5-0നും ഇന്ത്യ മുക്കിയിരുന്നു. വെയ്ല്‍സിനെയും തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ തലപ്പത്തേക്കു കയറി.
ഇരട്ടഗോളുകള്‍ നേടിയ വന്ദന കതാരിയയാണ് ഇന്ത്യയുടെ വിജയശില്‍പ്പിയായത്. 26, 48 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. മൂന്നാമത്തെ ഗോള്‍ 28ാം മിനിറ്റില്‍ ഗുര്‍ജീത് കൗറിന്റെ വകയായിരുന്നു. വെയ്ല്‍സിന്റെ ആശ്വാസ ഗോള്‍ സെന്ന ഹ്യൂസാണ് മടക്കിയത്.
ബോക്‌സിങില്‍ ലവ്‌ലിന ക്വാര്‍ട്ടറില്‍
വനിതകളുടെ ബോക്‌സിങില്‍ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ വിജയത്തോടെ തുടങ്ങി. വനിതകളുടെ 70 കിഗ്രാം പ്രീക്വാര്‍ട്ടറില്‍ അനായാസ വിജയമാണ് ഇന്ത്യന്‍ താരം നേടിയത്. ലൈറ്റ് മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ന്യൂസിലാന്‍ഡിന്റെ അറിയാന നിക്കോള്‍സനെ 5-0നാണ് ലവ്‌ലിന ഇടിച്ചുവീഴ്ത്തിയത്.

അതേസമയം, പുരുഷ വിഭാഗം ബോക്‌സിങില്‍ 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ ഇന്ത്യന്‍ താരം മുഹമ്മദ് ഹുസ്സമുദ്ദീന്‍ പ്രീക്വാര്‍ട്ടറിലെത്തി. റൗണ്ട് 32 മല്‍സരത്തില്‍ 57 കിഗ്രാം ഫെതര്‍വെയ്റ്റ് വലിഭാഗത്തിലാണ് അദ്ദേഹം മല്‍സരിച്ചത്. സൗത്താഫ്രിക്കയുടെ അംസോലെ ദ്യയിയെയണ് ഹുസ്സമുദ്ദീന്‍ തോല്‍പ്പിച്ചത്.