ഗ്ലാസ്‌ഗോ: 2026ല്‍ നടക്കാനിരിക്കുന്ന അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സര ഇനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് സംഘാടകര്‍. നേരത്തേ 19 മല്‍സര ഇനങ്ങളുണ്ടായിരുന്ന ഗെയിംസില്‍ ഒമ്പതെണ്ണമാണ് ഇപ്പോള്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. ഇതോടെ അടുത്ത എഡിഷനില്‍ വെറും 10 ഇനങ്ങളില്‍ മാത്രമേ നമുക്കു മെഡല്‍ പോരാട്ടങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ.
ഇന്ത്യയെ സംബന്ധിച്ച് ഈ തീരുമാനം വലിയ തിരിച്ചടി തന്നെയാണ്. കാരണം നമുക്കു ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള ഹോക്കി, ക്രിക്കറ്റ്, ഷൂട്ടിങ് എന്നിവയൊന്നും അടുത്ത ഗെയിംസിലുണ്ടാവില്ല. 2022ല്‍ ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ 19 ഇനങ്ങളില്‍ മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതാണ് ഒറ്റയടിക്കു 10ലേക്കു ചുരുക്കിയിട്ടുള്ളത്.
കൂടുതല്‍ ബജറ്റ് സൗഹൃദ ഗെയിമാക്കി അടുത്ത ഗെയിംസ് മാറ്റിയെടുക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. അടുത്ത ഗെയിംസില്‍ ഏതൊക്കെ ഇനങ്ങളിലായിരിക്കും മല്‍സരങ്ങളെന്നും എന്തുകൊണ്ടാണ് ചില ഇനങ്ങള്‍ ഒഴിവാക്കിയതെന്നും പരിശോധിക്കാം.

ഏതൊക്കെ ഇനങ്ങളില്‍ മല്‍സരം
2026ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കാനിരിക്കുന്ന അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 ഇനങ്ങളിലായിരിക്കും മല്‍സരങ്ങള്‍. അത്‌ലറ്റിക്‌സ് & പാരാ അത്‌ലറ്റിക്‌സ്, നീന്തല്‍ & പാരാ നീന്തല്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ട്രാക്ക് സൈക്ലിങ് & പാരാ ട്രാക്ക് സൈക്ലിങ്, നെറ്റ് ബോള്‍, ഭാരോദ്വഹനം & പാരാ ഭാരോദ്വഹനം, ബോക്‌സിങ്, ജൂഡോ, ബൗള്‍സ് & പാരാ ബൗള്‍സ്, 3 x 3 ബാസ്‌കറ്റ് ബോള്‍ & 3 x 3 വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ എന്നിവയില്‍ മാത്രമേ അടുത്ത എഡിഷനില്‍ മല്‍സരങ്ങുള്ളൂ.
ക്രിക്കറ്റ്, ഹോക്കി, ടേബിള്‍ ടെന്നീസ്, സ്‌ക്വാഷ്, ഷൂട്ടിങ്, റോഡ് റേസിങ് തുടങ്ങിയ ഗെയിമുകളൊന്നും ഗ്ലാസ്‌ഗോയില്‍ കാണാന്‍ സാധിക്കില്ല.
എന്തുകൊണ്ട് വെട്ടിക്കുറച്ചു?
കായിക പ്രേമികള്‍ക്കു ഏറെ പ്രിയപ്പെട്ട പല ഗെയിമുകളും ഗ്ലാസ്‌ഗോ ഗെയിംസിലില്ല. ഗെയിംസിനെ കൂടുതല്‍ പരമ്പരാഗതമായ ഫോര്‍മാറ്റിലേക്കു കൊണ്ടു വരികയെന്ന ലക്ഷ്യം കൂടി ഈ വെട്ടിച്ചുരുക്കലിനു പിന്നിലുണ്ട്. ഗെയിംസിന്റെ ഇതുവരെയുളള ചരിത്രം നോക്കിയാല്‍ പ്രധാനമായും 10 മല്‍സര ഇനങ്ങള്‍ മാത്രമേ ഭൂരിഭാഗം എഡിഷനുകളിലുമുണ്ടായിട്ടുള്ളൂ.
ഇത്തവണ അതിലേക്കു ഗെയിംസിനെ തിരികെ കൊണ്ടു വന്നിരിക്കുകയാണ്. 1998നു ശേഷമാണ് കൂടുതല്‍ മല്‍സര ഇനങ്ങള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ ആരംഭിച്ചത്. 15 മുതല്‍ 20 വരെ മല്‍സര ഇനങ്ങളുണ്ടായ ഗെയിംസുകളുണ്ടായിട്ടുണ്ട്. സാമ്പത്തിക പരിമിതകളുമായി പൊരുത്തപ്പെടാന്‍ ഭാവി ആതിഥേയര്‍ക്കു കൂടുതല്‍ വഴക്കവും ആവശ്യമാണ്.
ഇന്ത്യയെ എങ്ങനെ ബാധിക്കും
അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മല്‍സര ഇനങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യയെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടി തന്നെയാണ്. ഇതു കാരണം ഇന്ത്യക്കു അര്‍ഹിച്ച പല മെഡലുകളും അടുത്ത ഗെയിംസില്‍ നേടാനും സാധിക്കില്ല. ഹോക്കി, ബാഡ്മിന്റണ്‍, ഹോക്കി, ഷൂട്ടിങ്, ഗുസ്തി എന്നിവയെല്ലാം ഇന്ത്യക്കു മെഡല്‍ സാധ്യതയുള്ള ഇനങ്ങളാണ്. പക്ഷെ ഇവയൊന്നും അടുത്ത ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഇക്കൂട്ടത്തില്‍ ഷൂട്ടിങിന്റെ അഭാവമായിരിക്കും ഇന്ത്യക്കു ഏറ്റവുമധികം ക്ഷീണമാവുക. കാരണം ഈയിനത്തില്‍ ഇന്ത്യ ഇതിനകം ഗെയിംസില്‍ വാരിക്കൂട്ടിയത് 135 മെഡലുകളാണ്. 63 സ്വര്‍ണമുള്‍പ്പെടെയാണിത്. ഗുസ്തിയും ഇന്ത്യക്കു ആധിപത്യമുള്ള മറ്റൊരു മല്‍സര ഇനമാണ്. 114 മെഡലുകള്‍ ഗോദയില്‍ നിന്നും ഇന്ത്യ കൈക്കലാക്കിയിട്ടുണ്ട്.