സ്വന്തം നാട്ടില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ചില സൂപ്പര്‍താരം അര്‍ട്യുറോ വിദാല്‍ അറസ്റ്റില്‍. മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിനാണ് താരത്തെ അറസ്റ്റ് ചെയ്തത്. മിന്നല്‍ വേഗത്തില്‍ ഫെരാരി കാറില്‍ ചീറിപ്പാഞ്ഞ താരത്തിന്റെ കാര്‍ മണ്‍കൂനയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
വിദാലിന് നിസ്സാരപരിക്കേറ്റു. സാന്റിയാഗോയ്ക്കടുത്തുവെച്ചായിരുന്നു സംഭവം. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദാലും കുടുംബവും. പരിക്കേറ്റ വിദാല്‍ ആശുപത്രിയില്‍ ചികിത്സതേടി. എയര്‍ബാഗുള്ളതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ലെന്ന് പോലീസ് പറഞ്ഞു. വിദാലിനൊപ്പം കാറിലുണ്ടായിരുന്ന ഭാര്യയ്ക്ക് കാര്യമായൊന്നും സംഭവിച്ചില്ല.

ആശുപത്രിയില്‍ നിന്നും പോലീസ് കാറിലാണ് വിദാലിനെ കൊണ്ടുവന്നത്. വിദാല്‍ മദ്യപിച്ചിരുന്നതായി പോലീസ് ഓഫീസര്‍ വ്യക്തമാക്കി. അറസ്റ്റിലായ വിദാലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അപകടമുണ്ടായ വിവരം വിദാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. ഞാനും കുടുംബവും സുഖമായിരിക്കുന്നുവെന്ന് വിദാല്‍ ആരാധകരെ അറിയിച്ചു.
യുവന്റസിന്റെയും ചിലിയുടെയും മിഡ്ഫീല്‍ഫറായ വിദാല്‍ കോപ്പ അമേരിക്കയില്‍ തകര്‍പ്പന്‍ ഫോമിലാണ്. രണ്ടുകളികളില്‍ നിന്നായി മൂന്നു ഗോളുകള്‍ നേടിയ വിദാല്‍ ആണ് ഇപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ബൊളീവിയയ്‌ക്കെതിരെ വെള്ളിയാഴ്ചയാണ് ചിലിയുടെ അടുത്ത മത്സരം. വിദാല്‍ കളിക്കാനിറങ്ങുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.