ചെസ് കളത്തിലെ അത്ഭുത നീക്കങ്ങള്‍ക്കൊണ്ട് വിസ്മയിപ്പിച്ച് മുന്നേറുകയാണ് ആര്‍ പ്രഗ്‌നാനന്ദ. ലോകകപ്പ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ വിറപ്പിച്ച് കൈയടി നേടുകയാണ് ഇന്ത്യയുടെ ചെസ് വിസ്മയം. പ്രായം 18 വയസ് മാത്രമാണെങ്കിലും ഇതിനോടകം ലോകത്തിന്റെ നെറുകയിലേക്ക് എത്തിപ്പെടാന്‍ യുവതാരത്തിനായി. എതിരാളികളുടെ കണക്കുകൂട്ടലുകളെ മുന്‍കൂട്ടിക്കണ്ട് കരുക്കള്‍ നീക്കുന്നതില്‍ അസാധ്യ മികവാണ് പ്രഗ്‌നാനന്ദക്കുള്ളത്.
വലിയ ചെസ് പാരമ്പര്യമൊന്നും അവകാശപ്പെടാനാവാത്ത പ്രഗ്‌നാനന്ദയുടെ ഓരോ നീക്കങ്ങളും പേരുകേട്ട ഇതിഹാസ ചെസ് താരങ്ങളെപ്പോലും വിറപ്പിക്കുന്നതാണ്. ചെസ് ബോര്‍ഡിന് മുന്നിലെ തന്ത്രങ്ങളുടെ രാജാവായി മാറിയ മാഗ്നസ് കാള്‍സനെപ്പോലും പൂട്ടുന്ന നീക്കങ്ങളാണ് പ്രഗ്‌നാനന്ദ കാഴ്ചവെക്കുന്നത്. വലിയ സാമ്പത്തിക അടിത്തറയൊന്നും അവകാശപ്പെടാനാവാത്ത സാധാരണക്കാരില്‍ സാധാരണക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായി പിറന്ന പ്രഗ്‌നാനന്ദ ഇന്ന് തന്റെ ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊണ്ട് വിശ്വശ്രദ്ധ നേടുകയാണ്.
പ്രഗ്‌നാനന്ദ മത്സരിക്കാനിറങ്ങുമ്പോള്‍ പ്രാര്‍ത്ഥനയോടെ ഒരാള്‍ ഒപ്പമുണ്ടാവാറുണ്ട്. അത് പ്രഗ്‌നാനന്ദയുടെ അമ്മയാണ്. മകന്റെ ഉയര്‍ച്ചകള്‍ കണ്‍കുളിര്‍ക്കെ കണ്ട് സന്തോഷിക്കുന്ന സാധാരണക്കാരിയായ ഒരു അമ്മയുടെ മുഖം ഇന്ന് ലോകത്തിന് സുപരിചിതമാണ്. പ്രഗ്‌നാനന്ദയുടെ കഴിവിനെ തിരിച്ചറിഞ്ഞതും പിന്തുണച്ചതും അമ്മയാണ്. എന്താണ് പ്രഗ്‌നാനന്ദയുടെ ഈ ബുദ്ധിക്ക് പിന്നിലെ രഹസ്യം?. അതിന് പിന്നില്‍ വലിയ രഹസ്യങ്ങളൊന്നുമില്ലെങ്കിലും അമ്മയുടെ രുചിക്കൂട്ട് പ്രഗ്‌നാനന്ദയ്ക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്.
എവിടെ പോയാലും അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് പ്രഗ്‌നാനന്ദ കഴിക്കുക. ചോറും രസവുമാണ് യുവതാരത്തിന്റെ ഇഷ്ട വിഭവം. പ്രഗ്‌നാനന്ദക്കൊപ്പം വിദേശത്ത് മത്സരിക്കാന്‍ പോകുമ്പോള്‍ ഇന്റക്ഷന്‍ കുക്കര്‍ അദ്ദേഹത്തിന്റെ അമ്മ കൂടെ കരുതും. മത്സരിച്ച് കഴിഞ്ഞ് പ്രഗ്‌നാനന്ദക്ക് സ്വന്തം കൈകൊണ്ടുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാനാണ് അമ്മ ആഗ്രഹിക്കുന്നത്. പ്രഗ്‌നാനന്ദക്കും അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം വേണമെന്നത് നിര്‍ബന്ധമാണ്.

പ്രഗ്‌നാനന്ദയുടെ ഇന്നത്തെ വളര്‍ച്ചക്ക് പിന്നില്‍ അമ്മ നാഗലക്ഷ്മിയുടെ പിന്തുണ വളരെ വലുതാണ്. പ്രഗ്‌നാനന്ദയും സഹോദരിയും ടിവി കാണുന്ന സമയം കുറക്കാനായാണ് അമ്മ ചെസിലേക്ക് ഇവരുടെ ശ്രദ്ധ തിരിച്ചുവിട്ടത്. പിന്നീട് ചെസ് ബോര്‍ഡിന് മുന്നിലെ മകന്റെ നീക്കങ്ങള്‍ അമ്മ ശ്രദ്ധിച്ചു. ചെസിനെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ പ്രഗ്‌നാനന്ദക്ക് പ്രചോദനം നല്‍കിയതും ആത്മവിശ്വാസം നല്‍കിയതും അമ്മ നാഗ് ലക്ഷ്മിയാണ്. പ്രഗ്‌നാനന്ദയുടെ പിതാവും അമ്മയുടെ മിടുക്കാണ് മകന്റെ ഉയര്‍ച്ചക്ക് കാരണമെന്ന് സമ്മതിക്കുന്നു.
'തീര്‍ച്ചയായും എന്റെ ഭാര്യയെയാണ് ഞാന്‍ അഭിനന്ദിക്കുന്നത്. എല്ലാ ടൂര്‍ണമെന്റിലും അവനോടൊപ്പം പോകുന്നത് നാഗലക്ഷ്മിയാണ്. അവനേയും അവന്റെ മത്സരത്തേയും അവള്‍ ഒരുപോലെ ശ്രദ്ധിക്കുന്നു. വൈശാലിയുടെ (പ്രഗ്‌നാനന്ദയുടെ സഹോദരി) ടിവി കാണുന്ന സമയം കുറക്കാനായാണ് ചെസ് ബോര്‍ഡ് വാങ്ങിച്ച് നല്‍കിയത്. ഇപ്പോള്‍ അവര്‍ സന്തോഷത്തോടെ അത് കളിക്കുന്നതും വളരെയധികം ഉയര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു'-പ്രഗ്‌നാനന്ദയുടെ പിതാവ് രമേഷ്ബാബു പിടിഐയോട് പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന ചെസ് ലോകകപ്പ് ഫൈനലില്‍ ആദ്യ രണ്ട് ഗെയിമും സമനിലയിലാണ് കലാശിച്ചത്. ലോക ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ ഓരോ നീക്കത്തിലും വിറപ്പിക്കാന്‍ പ്രഗ്‌നാനന്ദക്ക് സാധിക്കുന്നു. ആദ്യ ഗെയിമില്‍ 35 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സനെ ഇന്ത്യന്‍ താരം സമനിലയില്‍ കുടുക്കിയത്. രണ്ടാം ഗെയിമിലും പ്രഗ്‌നാനന്ദ കാള്‍സിനെ സമനിലയില്‍ കുടുക്കി. രണ്ട് ഗെയിമും സമനിലയില്‍ കലാശിച്ചതോടെ ടൈബ്രേക്കറിലാവും രാജാവിനെ തീരുമാനിക്കുക.
ആദ്യ ലോകകപ്പിന്റെ ആശങ്കകളില്ലാതെ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് പ്രഗ്‌നാനന്ദന. പൊതുവേ എതിരാളികള്‍ക്ക് മുകളില്‍ മാനസികമായ മുന്‍തൂക്കം നേടുന്ന ശൈലിയാണ് കാള്‍സന്റേത്. എന്നാല്‍ പ്രഗ് നാനന്ദക്ക് മുന്നില്‍ കാള്‍സന്‍ പ്രയാസപ്പെടുന്നതാണ് ആദ്യ രണ്ട് ഗെയിമിലും കണ്ടത്. അതുകൊണ്ടുതന്നെ ഇത്തവണ പ്രഗ്‌നാനന്ദ ലോക കിരീടം നേടുമെന്ന് തന്നെ പ്രത്യാശിക്കാം.