ലണ്ടന്‍: ഏതു ക്ലബ്ബും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ലോക ഫുട്‌ബോളര്‍ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സി രംഗത്ത്. റയല്‍ മടുത്തെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകാനാണ് ആഗ്രഹമെന്നും റൊണാള്‍ഡോ വെളിപ്പെടുത്തിയതോടെയാണ് ചെല്‍സി സൂപ്പര്‍താരത്തിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
ചെല്‍സിയെപ്പോലെ ഒരു ടീം റൊണാള്‍ഡോ ആഗ്രഹിക്കുന്നുണ്ടാകില്ലെങ്കിലും താരത്തിനുവേണ്ടി എത്ര കോടികള്‍ മുടക്കാനും ക്ലബ്ബ് തയ്യാറായതായാണ് റിപ്പോര്‍ട്ട്. സീസണില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ചെങ്കിലും ജനുവരിയിലെ ട്രാസ്ഫറില്‍ റൊണാള്‍ഡോയെ സ്വന്തമാക്കാനാണ് കോച്ച് ഹോസെ മൗറീന്യോയുടെ ശ്രമം. റയലില്‍ ഏറെക്കാലം മൗറീന്യോയുടെ ശിഷ്യനായിരുന്നു റൊണാള്‍ഡോ.

തുടക്കത്തില്‍ 6 കോടി പൗണ്ട്(593 കോടി രൂപ) ആണ് റൊണാള്‍ഡോയ്ക്കായി ചെല്‍സി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡിഗോ കോസ്റ്റയും ഹസാര്‍ഡും ദിദിയര്‍ ദ്രോഗ്ബയും ഒസ്‌കാറുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ചെല്‍സി ഇപ്പോള്‍ത്തന്നെ മിന്നുന്ന ഫോമിലാണ്. റൊണാള്‍ഡോ കൂടി എത്തുകയാണെങ്കില്‍ ലോകത്തെ ഏറ്റവും മികച്ച ടീമായി ചെല്‍സിയെ മാറ്റാമെന്നാണ് മൗറീന്യോയുടെ കണക്കു കൂട്ടല്‍.
സുഹൃത്ത് ഏഞ്ചല്‍ ഡി മരിയയെ റയല്‍ ഒഴിവാക്കിയതാണ് റൊണാള്‍ഡോ റയലില്‍ താത്പര്യക്കുറവ് പ്രകടിപ്പിക്കാന്‍ കാരണം. വമ്പന്‍ താരനിര അണിനിരന്നിട്ടും ലാ ലീഗയുടെ തുടക്കത്തില്‍ തന്നെ തോല്‍ പിണഞ്ഞതും താരത്തെ ടീം വിടാന്‍ പ്രേരിപ്പിക്കുന്നതായാണ് വിവരം. പുതിയ താരങ്ങളെ വാങ്ങാന്‍ റെക്കോര്‍ഡ് തുക ചെലവഴിച്ചു കഴിഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയില്‍ താത്പര്യമില്ലെന്ന് അറിയിക്കുകയാണെങ്കില്‍ ജനവരിയില്‍ റൊണാള്‍ഡോ ചെല്‍സിയിലെത്തിയേക്കും.