അള്‍ജിയേഴ്‌സ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച ഒരു സംഭവത്തില്‍ കാമറൂണിന്റെ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ആല്‍ബര്‍ട്ട് എബോസി കളിക്കളത്തില്‍ കൊല്ലപ്പെട്ടു. അള്‍ജീരിയയിലെ ടിസി ഓസൂവില്‍ നടന്ന അള്‍ജീരിയന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. മത്സരത്തിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന എംബോസിയുടെ നേര്‍ക്കുണ്ടായ കല്ലേറിലാണ് അദ്ദേഹം ദാരുണമായി മരിച്ചത്.
ആല്‍ബര്‍ട്ടിന്റെ ക്ലബായ ജെഎസ് കബിലിയും യുഎസ്എം അള്‍ജീരിയയും തമ്മിലായിരുന്നു മത്സരം. മത്സരത്തില്‍ ആല്‍ബര്‍ട്ട് മനോഹരമായ ഒരു ഗോള്‍ തന്റെ ക്ലബ്ബിനുവേണ്ടി നേടിയെങ്കിലും 2-1 എന്ന സ്‌കോറിന് പരാജയമായിരുന്നു ഫലം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ടീം തോറ്റതോടെ പ്രകോപിതരായ കാണികള്‍ കളിക്കാര്‍ക്കുനേരെ കല്ലുകള്‍ വലിച്ചെറിയുകയായിരുന്നു.

തലയ്ക്ക് മാരകമായി പരിക്കേറ്റ ആല്‍ബര്‍ട്ടിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കാമറൂണ്‍ ബി. ടീമിനു വേണ്ടി ആറ് രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള യുവതാരം 20013-14 വര്‍ഷത്തില്‍ അള്‍ജീരിയന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോറര്‍ ആയിരുന്നു.
കാമറൂണിലെ കോട്ടന്‍ സ്‌പോര്‍ട് എസ്സി, യൂനിസ്‌പോര്‍ഡ് ബഫാങ്, ദവാല എസി എന്നീ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് അള്‍ജീരിയന്‍ സ്‌പോര്‍ട് വകുപ്പ് അറിയിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ കാണികള്‍ പ്രകോപിതരാവുന്നത് സാധാരണ സംഭവമല്ലെങ്കിലും കളിക്കാരന്‍ കൊല്ലപ്പെട്ടത് ക്ലബ്ബുകള്‍ക്ക് ആശങ്കയുളവാക്കിയിട്ടുണ്ട്.