മാഡ്രിഡ്: അത്‌ലറ്റികോ സ്പാനിഷ് ഫുട്‌ബോള്‍ കിരീടം. കരുത്തരായ ബാഴ്‌സലോണയെ 1-1ന് സമനിലയില്‍ തളച്ചാണ് പതിനെട്ടു വര്‍ഷത്തിനുശേഷമുള്ള ആദ്യകിരീടത്തില്‍ മാഡ്രിഡ് ടീം മുത്തമിട്ടത്. പതിറ്റാണ്ടുകളായി തുടരുന്ന ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് ആധിപത്യത്തിന്റെ അന്ത്യം കുറിയ്ക്കുന്ന പ്രകടനമാണ് ഈ സീസണില്‍ അത്‌ലറ്റിക്കോയുടെ ഭാഗത്തുനിന്നുണ്ടായത്.
കളി തുടങ്ങി 22 മിനിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും പരിചയ സമ്പന്നരായ ഡീഗോ കോസ്റ്റയെയും അര്‍ഡാ തുറാനെയും പിന്‍വലിക്കാന്‍ അത്‌ലറ്റിക്കോ നിര്‍ബന്ധിതരായി. പരിക്കുമൂലം താരങ്ങള്‍ പുറത്തുപോയതോടെ കളിയുടെ നിയന്ത്രണം ബാഴ്‌സലോണ ഏറ്റെടുത്തു. 34ാം മിനിറ്റില്‍ അലെക്‌സി സാഞ്ചെസിലൂടെ ലയണല്‍ മെസ്സിയുടെ ടീം മുന്നിലെത്തുകയും ചെയ്തു.

എന്നാല്‍ തളരാതെ പോരാടിയ മാഡ്രിഡ് ടീം 49ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നും ഡീഗോ ഗോഡിന്റെ ഹെഡ്ഡറിലൂടെ വലകുലുക്കി. കിരീടം നേടാന്‍ സമനില മാത്രം മതിയായിരുന്ന അത്‌ലറ്റിക്കോ പ്രതിരോധത്തിന്റെ കലയെന്തെന്ന് ബാഴ്‌സലോണയെ പഠിപ്പിച്ചു. വിഖ്യാതമായ മുന്നേറ്റ നിര ആഞ്ഞു ശ്രമിച്ചിട്ടും അത്‌ലറ്റിക്കോയുടെ കോട്ടമതില്‍ തകര്‍ക്കാനായില്ല.
38 മത്സരങ്ങളില്‍ നിന്നും 90 പോയിന്റ് നേടിയാണ് അത്‌ലറ്റികോ മുന്നിലെത്തിയത്. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും 87 പോയിന്റ് വീതം നേടിയ ബാഴ്‌സലോണ രണ്ടാമതും റയല്‍ മാഡ്രിഡ് മൂന്നാമതും എത്തി.