ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനത്തില്‍ വലിയൊരു അദ്ഭുതമാണ് സംഭവിച്ചിരിക്കുന്നത്. അസാധ്യമെന്നു ഉറപ്പിച്ചിരുന്ന ഒരു കാര്യം യാഥാര്‍ഥ്യമാക്കി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഗെയിംസിലെ വൊളന്റിയര്‍മാര്‍. ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഒരു 'കുട്ടി' അത്‌ലറ്റിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും സ്റ്റേഡിയത്തില്‍ വച്ച് കളഞ്ഞു പോവുകയുമായിരുന്നു. 10,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന, 523,000 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള വമ്പന്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു സംഭവം.
ഇത്രയും വലിയൊരു സ്റ്റേഡിയത്തില്‍, അതും സ്വിച്ചോഫ് ആയ ഒരു ഫോണ്‍ തിരഞ്ഞു കണ്ടു പിടിക്കുകയെന്നത് അസംഭവ്യം തന്നെയാണെന്നു ആരും പറയും. പക്ഷെ വൊളന്റിയര്‍മാര്‍ക്കു അങ്ങനെ വിട്ടുകളയാന്‍ ഉദ്ധേശ്യമില്ലായിരുന്നു. അസാധ്യമെന്നു ഉറപ്പിച്ച ഒരു കാര്യം മണിക്കൂറുകളോളം നീണ്ട കഠിനാധ്വാനത്തിനൊടുവില്‍ അവര്‍ യാഥാര്‍ഥ്യമാക്കി മാറ്റി ലോകത്തിന്റ കൈയടി നേടുകയായിരുന്നു.

ഹോങ്കോങിനായി ഗെയിംസില്‍ മല്‍സരിക്കാനെത്തിയ 12 കാരിയായ ചെസ് താരം ലിയു ടിയാന്‍ യിയുടെ മൊബൈല്‍ ഫോണായിരുന്നു തിരക്കിനിടെ സ്‌റ്റേഡിയത്തില്‍ കളഞ്ഞുപോയത്. തുടര്‍ന്നു താരം തന്റെ ടീമിനെയും അവര്‍ സംഘാടകരെയും ഇക്കാര്യം അറിയിക്കുകയായിരുന്നു.
ചാര്‍ജ് ഇല്ലാത്തതു കാരണം ഫോണ്‍ സ്വിച്ച് ഓഫ് ആയിപ്പോയതിനാല്‍ അതു കണ്ടെത്തുക വളരെ ദുഷ്‌കരവുമായിരുന്നു. എന്നിട്ടും വൊളന്റിയര്‍മാരുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും കുഞ്ഞ് ചെസ് താരത്തെ തന്റെ ഫോണ്‍ തിരികെ ലഭിക്കാന്‍ സഹായിക്കുകയായിരുന്നു.
ഫോണ്‍ കണ്ടുപിടിക്കാന്‍ രാത്രിയിലുടനീളം സ്‌റ്റേഡിയത്തിലെ പതിനായിരക്കണക്കിനു വരുന്ന ചവറുകള്‍ നിറച്ച ബാഗുകളാണ് വൊളന്റിയര്‍മാര്‍ പരിശോധിച്ചത്. പക്ഷെ സ്റ്റേഡിയത്തിന്റെ വലിപ്പം കാരണം മുക്കിലും മൂലയിലും പരിശോധിക്കുകയെന്നത് ദൗത്യം ശ്രമകരമാക്കി മാറ്റി.
എന്നാല്‍ സ്‌റ്റേഡിയത്തിലെ ഓരോ ബാഗുകളും സ്റ്റേഡിയത്തിലെ സീറ്റുകളും ഒരിഞ്ച് പോലും വിടാതെ എല്ലായിടത്തും തിരഞ്ഞ ശേഷം വൊളന്റിയര്‍മാര്‍ തങ്ങളുടെ ശ്രമത്തില്‍ വിജയം കൈവരിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിലാണ് വൊളന്റിയര്‍മാര്‍ നഷ്ടപ്പെട്ടു പോയ ഫോണ്‍ വീണ്ടെടുത്ത് ഗെയിംസിലെ യഥാര്‍ഥ മെഡലിനു അര്‍ഹരായി മാറിയത്.
അതേസമയം, ഗെയിംസില്‍ മെഡല്‍വേട്ടയില്‍ ആതിഥേയരായ ചൈനയുടെ കുതിപ്പാണ് നമുക്കു കാണാന്‍ സാധിക്കുക. എതിരാളികളെ ബഹുദൂരം പിന്നിലാക്കി അവര്‍ മുന്നേറുകയാണ്. 40 സ്വര്‍ണവും 21 വെള്ളിയും ഒമ്പതു വെങ്കവുമടക്കം 70 മെഡലുകളുമായാണ് ചൈന തലപ്പത്തുള്ളത്.
ദക്ഷിണ കൊറിയയാണ് രണ്ടാംസ്ഥാനത്ത്. 11 സ്വര്‍ണവും 10 വെള്ളിയും 15 വെങ്കലവും അവര്‍ നേടി. ഇന്ത്യ ആറാംസ്ഥാനത്താണ്. രണ്ടു സ്വര്‍ണവും നാലു വെള്ളിയും ഏഴു വെങ്കലവുമടക്കം 13 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.