ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനവും ഇന്ത്യയുടെ മെഡല്‍ കുതിപ്പ് തുടരുന്നു. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടിയിരിക്കുകയാണ്. സ്വപ്‌നില്‍ കൗശല്‍, ഐശ്വര്യ പ്രതാപ് സിങ്, അഖില്‍ ഷിറാന്‍ സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്തത്. 1769 പോയിന്റോടെയാണ് ഇന്ത്യയുടെ പുരുഷ ടീം സ്വര്‍ണ്ണം നേടിയത്.
അതേ സമയം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടി. ഇഷ, ദിവ്യ, പലാക് സഖ്യമാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിക്കൊടുത്തത്. ഇതോടെ ഷൂട്ടിങ്ങില്‍ ഗംഭീര റെക്കോഡും ഇന്ത്യ നേടിയെടുത്തു. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ നേടിയത് 2006ലെ ഗെയിംസിലായിരുന്നു. അന്ന് 14 മെഡലാണ് ഇന്ത്യ നേടിയത്. എന്നാല്‍ ഇത്തവണ ഷൂട്ടിങ്ങില്‍ 15 മെഡലുകള്‍ ഇതിനോടകം ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.

എന്നാല്‍ വനിതളുടെ ബാഡ്മിന്റണ്‍ ടീം ക്വാളിഫയറില്‍ പിവി സിന്ധുവിന് അപ്രതീക്ഷിത തോല്‍വി നേരിട്ടു. തായ്‌ലന്‍ഡിന്റെ ചോച്ചുവോങ് പോന്‍പാവിയോട് 2-1നാണ് സിന്ധു തോറ്റത്. 67 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 14-21, 21-15, 21-14. ബാഡ്മിന്റണില്‍ ഇന്ത്യയുടെ വനിതാ ടീം തായ്‌ലന്‍ഡിനോട് 3-0ന് തോറ്റാണ് പുറത്തായത്. പിവി സിന്ധുവിന് പിന്നാലെ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും തോറ്റതോടെയാണ് ഇന്ത്യക്ക് നിരാശയോടെ പുറത്താവേണ്ടി വന്നത്.
ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇനമായിരുന്നു ബാഡ്മിന്റണ്‍. സിംഗിള്‍സില്‍ താരങ്ങളുടെ മത്സരം വരാനിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് പ്രതീക്ഷകളുമേറെ. അതേ സമയം ഇന്ത്യക്ക് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ നല്‍കിയ പുരുഷ ടെന്നിസില്‍ ഇന്ത്യന്‍ സഖ്യം വെള്ളിയിലൊതുങ്ങി. ഫൈനലില്‍ ചൈനീസ് സഖ്യത്തോടാണ് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍, സാകേത് മൈനേനി സഖ്യം തോറ്റത്.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ ഇന്ത്യയുടെ പലക് ഗുലിയ സ്വര്‍ണ്ണം നേടി. 242.1 പോയിന്റോടെ പുതിയ ഏഷ്യന്‍ ഗെയിംസ് റെക്കോഡുമായാണ് പലകിന്റെ സുവര്‍ണ്ണ നേട്ടം. 239.7 പോയിന്റോടെ ഇഷാ സിങ് വെള്ളി മെഡലും നേടി. 218 പോയിന്റോടെ പാകിസ്താന്റെ കിഷ്മാല തലാത്താണ് വെങ്കലം നേടിയത്. വനിതകളുടെ സ്‌ക്വാഷില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു. ഹോങ്കോങ്ങിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്.