Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: പൊന്നണിഞ്ഞ് നീരജും റിലേ ടീമും, ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണത്തിനരികെ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 11ാം ദിനവും മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യ കരുത്തുകാട്ടി. അത്‌ലറ്റിക്‌സില്‍ നിന്നായിരുന്നു ഇന്ത്യക്കു കൂടുതല്‍ മെഡലുകള്‍ ലഭിച്ചത്. ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്ര ഏഷ്യാഡിലും മോശമാക്കിയില്ല. ജാവലിന്‍ ത്രോയില്‍ അദ്ദേഹം ഇന്ത്യക്കായി സ്വര്‍ണം കൊയ്തു. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്കു തന്നെയാണ്. മിന്നുന്ന പ്രകടനം നടത്തിയ കിഷോര്‍ ജേനയ്ക്കാണ് വെള്ളി ലഭിച്ചത്.

നാലാമത്തെ ശ്രമത്തില്‍ എറിഞ്ഞ 88.88 മീറ്ററെന്ന ദൂരമാണ് നീരജിനെ സ്വര്‍ണത്തിനു അവകാശിയാക്കിയത്. അദ്ദേഹത്തിനു ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ ടീമംഗമായ കിഷോറിനു സാധിച്ചു. 87.54 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം രണ്ടാമതെത്തിയത്. ആദ്യ ശ്രമത്തില്‍ നീരജ് 8.238 മീറ്ററും കിഷോര്‍ 81.26 മീറ്ററുമായിരുന്നു എറിഞ്ഞത്. അടുത്ത ത്രോയില്‍ നീരജ് 84.49 മീറ്ററും കിഷോര്‍ 79.76 മീറ്ററും പിന്നിട്ടു.

NEERAJ CHOPRA

മൂന്നാമത്തേതില്‍ നീരജ് 84.49 മീറ്റര്‍ എറിഞ്ഞപ്പോള്‍ 86.77 മീറ്റര്‍ എറിഞ്ഞ് കിഷോര്‍ ഞെട്ടിച്ചു. ഇതോടെ താരം ഒന്നാമതെത്തുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ത്രോയില്‍ 88.88 മീറ്റര്‍ എറിഞ്ഞ് നീരജ് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യ പൊന്നണിഞ്ഞു. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മല്‍ എന്നിവര്‍ക്കൊപ്പം അമോജ് ജേക്കബ്, രാജേഷ് രമേഷ് എന്നിവരടങ്ങുന്ന ടീമാണ് ഒന്നാമതെത്തിയത്.

പുരുഷന്മാരുടെ 5000 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ അവിനാഷ് സാബ്ലെയ്ക്കു വെള്ളി ലഭിച്ചു. 13.21.09 സെക്കന്റിലായിരുന്നു അദ്ദേഹം വെള്ളി കൈക്കലാക്കിയത്. വനിതകളുടെ 800 മീറ്റര്‍ റേസില്‍ ഇന്ത്യയുടെ ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടി. 2.03.75 സെക്കന്റിലായിരുന്നു താരം മല്‍സരം ഫിനിഷ് ചെയ്തത്.

ഹോക്കിയില്‍ ഫൈനല്‍ ടിക്കറ്റ്

പുരുഷ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഒരു ജയം മാത്രമകലെ എത്തി. ത്രില്ലിങ് സെമി ഫൈനലില്‍ ദക്ഷി കൊറിയയെ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്കു കുതിച്ചു. ഹാര്‍ദിക് (അഞ്ചാം മിനിറ്റ്), മന്‍ദീപ് സിങ് (11), ലളിത് കുമാര്‍ ഉപാധ്യായ (15), രോഹിദാസ് (24), അഭിഷേക് (54) എന്നിവരാണ് ഇന്ത്യയുടെ സ്‌കോറര്‍മാര്‍.

കൊറിയയുടെ മൂന്നു ഗോളുകളും എം യുങിന്റെ വകയായിരുന്നു. 17, 20, 42 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം. ഫൈനലില്‍ ജയിച്ച് സ്വര്‍ണം സ്വന്തമാക്കാനായാല്‍ അടുത്ത വര്‍ഷം പാരീസില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിലേക്കു ഇന്ത്യന്‍ ഹോക്കി ടീമിനു നേരിട്ടു യോഗ്യത ലഭിക്കും.

IND- KOREA

കൊറിയക്കെതിരേ സ്‌കോര്‍ കാര്‍ഡ് സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല ഇന്ത്യയുടെ വിജയം. കൊറിയയില്‍ നിന്നും ശക്തമായ വെല്ലുവിളിയാണ് രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ഇന്ത്യ നേരിട്ടത്. ആദ്യ ക്വാര്‍ട്ടര്‍ ഇന്ത്യക്കു അവകാശപ്പെട്ടതായിരുന്നു. 3-0ന്റെ മികച്ച ലീഡുമായാണ് ഇന്ത്യ ആദ്യ ക്വാര്‍ട്ടര്‍ അവസാനിപ്പിച്ചത്.

രണ്ടാം ക്വാര്‍ട്ടറില്‍ ശക്തമായി തിരിച്ചടിച്ച കൊറിയ സ്‌കോര്‍ 3-2 ആക്കി. ഇതോടെ ആക്രമണത്തിനു മൂര്‍ച്ച കൂട്ടിയ ഇന്ത്യ ഒരു ഗോള്‍ കൂടി നേടി സ്‌കാര്‍ 4-2 ആക്കുകയായിരുന്നു. ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിപ്പിക്കാനും ഇന്ത്യക്കു കഴിഞ്ഞു. മൂന്നാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് കൊറിയ വീണ്ടും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടറില്‍ അഞ്ചാമത്തെ ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യ വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കി.

ബൊര്‍ഗൊഹെയ്‌ന് വെള്ളി, പര്‍വീനു വെങ്കലം

ബോക്‌സിങില്‍ വനിതകളുടെ 75 കിഗ്രാമില്‍ ഇന്ത്യയുടെ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ ആയിരുന്നെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ വിജയി കൂടിയായ ലവ്‌ലിന ചൈനയുടെ ലി ക്യുയോടു പൊരുതി വീഴുകയായിരുന്നു.

വനിതകളുടെ 57 കിഗ്രാം ബോക്‌സിങില്‍ പര്‍വീന്‍ ഹൂഡ ഇന്ത്യക്കു വെങ്കലവും ഇന്നു സമ്മാനിച്ചു. രണ്ടു തവണ ലോക ചാംപ്യനായ ചൈനീസ് തായ്‌പേയിയുടെ ലിന്‍ യു ടിങിനോടു തോറ്റതോടെയാണ് പര്‍വീന്‍ വെങ്കലം നേടിയത്. ഇത്തവണ ബോക്‌സിങില്‍ വെങ്കലം ലഭിച്ച നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അവര്‍.

Story first published: Wednesday, October 4, 2023, 16:20 [IST]
Other articles published on Oct 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+