ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം സ്‌ക്വാഷില്‍ അഭിമാന സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ. പുരുഷന്മാരുടെ ടീം വിഭാഗം സ്‌ക്വാഷിന്റെ ഫൈനലില്‍ പാകിസ്താനെ തകര്‍ത്താണ് ഇന്ത്യ പൊന്നണിഞ്ഞത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അഭിമാന മെഡല്‍ ഇന്ത്യ നേടിയെടുത്തത്. 2-1നായിരുന്നു ഇന്ത്യയുടെ ജയം. സൗരവ് ഘോഷാല്‍, അഭയ് സിങ്, മഹേഷ്, സന്ദു ഹരീന്ദര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇന്ത്യക്ക് അഭിമാന മെഡല്‍ നേടിക്കൊടുത്തത്. ഏഴാം ദിനം ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണ്ണ മെഡലാണിത്.

സ്‌ക്വാഷില്‍ ഇന്ത്യയുടെ വനിതാ ടീം വെങ്കല മെഡലാണ് നേടിയത്. എന്നാല്‍ സ്വര്‍ണ്ണ നേട്ടത്തിലേക്കെത്താന്‍ പുരുഷ ടീമിന് സാധിച്ചിരിക്കുകയാണ്. ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചുവെന്നത് സ്വര്‍ണ്ണ നേട്ടത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. ഇന്ന് മിക്‌സഡ് ഡബിള്‍സ് ടെന്നിസില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റൃതുജ ഭോസാലെ സഖ്യം സ്വര്‍ണ്ണം നേടിയിരുന്നു. ഫൈനലില്‍ ചൈനീസ് തായ്‌പെയ് സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണ്ണത്തിലേക്കെത്തിയത്. ആവേശകരമായ ഫൈനലില്‍ 2-6, 6-3, 10-4 എന്ന സ്‌കോറിനാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.
അതേ സമയം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനു 49 കിലോഗ്രാം വിഭാഗത്തില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 10 മീറ്റര്‍ എയര്‍പിസ്റ്റലിന്റെ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യയുടെ സരബ്‌ജോത് സിങ്-ദിവ്യ ടിഎസ് സഖ്യം വെള്ളി നേടി. ഫൈനലില്‍ ചൈനീസ് സഖ്യത്തോട് ഇന്ത്യന്‍ സഖ്യം തോല്‍ക്കുകയായിരുന്നു. ഷൂട്ടിങ്ങില്‍ ഇന്ത്യ 19 മെഡലുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ നേടിയ 16 മെഡലുകളുടെ റെക്കോഡിനെ തകര്‍ക്കാന്‍ ഇതിനോടകം ഇന്ത്യയുടെ ഷൂട്ടിങ് താരങ്ങള്‍ക്കായി.
വനിതകളുടെ 54 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രീതി പന്‍വാര്‍ സെമിയിലെത്തിയതോടെ വെങ്കല മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 75 കിലോഗ്രാമില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം 3x3 ബാസ്‌ക്കറ്റ് ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍ തോറ്റു. ഇറാനോട് ശക്തമായി പൊരുതിയെങ്കിലും 19-17 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ തോല്‍വി.
ഇതുവരെ 36 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 10 സ്വര്‍ണ്ണവും 13 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 207 മെഡലുകളുമായി ചൈന ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ 103 മെഡലുകളാണ് ഇതുവരെ നേടിയത്.