ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസിന്റെ പുരുഷ ഹോക്കിയിലെ പൂള്‍ എയിലെ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് നാല് ഗോള്‍ നേടിയ മത്സരത്തില്‍ 10-2നാണ് ഇന്ത്യ പാകിസ്താനെ ചാരമാക്കിയത്. എട്ടാം മിനുട്ടില്‍ മന്ദീപിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. 11ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് രണ്ടാം ഗോള്‍ നേടി. നാലാം ഗോളും അഞ്ചാം ഗോളും നേടി ഹാട്രിക് നേടിയ ഹര്‍മന്‍പ്രീത് ആറാം ഗോളും സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്ത് നാല് ഗോള്‍ സ്വന്തം പേരിലാക്കി.
ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ നായകന്‍ ഹര്‍മന്‍പ്രീതിന് സാധിച്ചു. 38ാം മിനുട്ടില്‍ പാകിസ്താന്‍ ആശ്വാസ ഗോള്‍ നേടി. വരുണ്‍ കുമാര്‍ ഏഴാം ഗോളും ഷംശേര്‍ എട്ടാം ഗോളും ജര്‍മന്‍പ്രീത് സിങ് ഒമ്പതാം ഗോളും വരുണ്‍ കുമാര്‍ 10ാം ഗോളും ഇന്ത്യക്ക് നേടിക്കൊടുത്തു. ചിരവൈരികളെ നാണംകെടുത്തുന്ന പ്രകടനമാണ് ഇന്ത്യ മത്സരത്തിലുടെനീളം കാഴ്ചവെച്ചത്.
പുരുഷന്മാരുടെ ടീം വിഭാഗം ബാഡ്മിന്റണില്‍ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സെമിയില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ചോ ജിയോനിയോപ്പിനെ 12-12, 21-16, 21-14 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് നല്‍കിയത്. വനിതാ ടീം ബാഡ്മിന്റണില്‍ സെമി പോലും കാണാനാവാതെ പുറത്തായിരുന്നു.

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ വനിതാ സഖ്യം ചരിത്രമെഴുതി മെഡല്‍ ഉറപ്പിച്ചു. സുതീര്‍ത്ഥ മുഖര്‍ജി-അയ്ഹിക മുഖര്‍ജി സഖ്യം ലോക ചാമ്പ്യന്‍ സഖ്യമായ ചൈനയുടെ ചെന്‍ മെങ്-യീദി വാങ് സഖ്യത്തെ തോല്‍പ്പിച്ചാണ് വെങ്കല മെഡല്‍ നേടിയത്. സ്‌കോര്‍ 11-5, 11-5, 5-11, 11-9. 71 കിലോഗ്രാം ബോക്‌സിങ്ങിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ നിഷാന്ത് ദേവ് ജപ്പാന്റെ സിവോന്‍ ഒക്കാസാവയോട് 5-0ന് തോറ്റ് പുറത്തായി.
10000 മീറ്ററില്‍ ഇന്ത്യയുടെ കാര്‍ത്തിക് കുമാര്‍ വെള്ളി മെഡലും ഗുല്‍വീര്‍ സിങ് വെങ്കല മെഡലും നേടി. 28.15.38 സമയം കുറിച്ചാണ് കാര്‍ത്തിക് വെള്ളി നേടിയത്. 28.17.21 സമയത്തോടെയാണ് ഗുല്‍വീറിന്റെ വെങ്കല മെഡല്‍ നേട്ടം. പുരുഷന്മാരുടെ 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ മുഹമ്മദ് അജ്മല്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
45.97 സമയം കുറിച്ചാണ് താരം ഫിനിഷ് ചെയ്തത്. വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ ഐശ്വര്യ മിശ്ര നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 53.50 സമയം കുറിച്ചാണ് ഐശ്വര്യ ഫിനിഷ് ചെയ്തത്.
ടേബിള്‍ ടെന്നിസിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയെ 3-1ന് തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. ഇതോടെ വെങ്കലം ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്. ഷട്ടിലില്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ പുരുഷ ടീം ആദ്യമായി ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ വെള്ളി മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.