ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനം നീന്തലില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടപ്പോള്‍ ബോക്‌സിങിലും വുഷുവിലും മുന്നേറ്റം നടത്താന്‍ സാധിച്ചു. നീന്തലില്‍ ഇന്ത്യയുടെ രണ്ടു താരങ്ങളും പുരുഷ ടീമും മെഡല്‍ പ്രതീക്ഷയുമായി പൂളില്‍ ഇറങ്ങിയെങ്കിലും വെറുംകൈയോടെ നിരാശപ്പെടേണ്ടി വന്നു. പുരുഷന്‍മാരുടെ 50 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്ക് ഫൈനലില്‍ ശ്രീഹരി നടരാജായിരുന്നു ആദ്യമിറങ്ങിയത്. നീന്തലില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ശ്രീഹരിയിലൂടെ കുറിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതു സംഭവിച്ചില്ല.
ഫൈനലില്‍ ആറാംസ്ഥാനം കൊണ്ടു ശ്രീഹരിക്കു തൃപ്തിപ്പെടേണ്ടി വന്നു. 25.39 സെക്കന്റ് കൊണ്ടായിരുന്നു താരം മല്‍സരം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം പുരുഷന്‍മാരുടെ തന്നെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ലികിത് ശെല്‍വരാജിന്റെ ഊഴമായിരുന്നു. പക്ഷെ അദ്ദേഹവും തീര്‍ത്തും നിരാശപ്പെടുത്തി. 1.01.62 സെക്കന്റില്‍ നീന്തിക്കയറിയ ലികിത് ഏഴാമനായാണ് മല്‍സരം ഫിനിഷ് ചെയ്തത്.

പുരുഷ വിഭാഗം 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ ഫൈനലിലും ഇന്ത്യക്കു നിരാശ തന്നെയായിരുന്നു ഫലം. ആര്യന്‍, അനീഷ്, കുഷാഗ്ര, തനീഷ് എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. പക്ഷെ 7.29.23 സെക്കന്റില്‍ മല്‍സരം ഫിനിഷ് ചെയ്ത ഇന്ത്യക്കു ഏഴാമതെത്താനേ കഴിഞ്ഞുള്ളൂ.
എന്നാല്‍ വുഷുവില്‍ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വകയുണ്ട്. ഈയിനത്തില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. 60 കിഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ റോഷിബിന ദേവി സെമി ഫൈനലില്‍ കടന്നു. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കസാക്കിസ്താന്റെ കെ എയ്മനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന അവസാനത്തെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം കൂടിയാണ് റോഷിബിന ദേവി.
ചെസില്‍ ഇന്ത്യക്കു വേണ്ടി നാലാം റൗണ്ടില്‍ പുരുഷ, വനിതാ താരങ്ങള്‍ മല്‍സരിക്കാനിറങ്ങിയിരുന്നു. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ എറിഗെയ്‌സി ഇറാന്റെ അമീന്‍ തബാതബെയുമായി സമനില സമ്മതിച്ചു പിരിഞ്ഞു. മറ്റൊരു മല്‍സരത്തില്‍ ഇന്ത്യന്‍ താരം വിദിത്ത് ഗുജറാത്തി വിയറ്റ്‌നാമിന്റെ ലെ ടുന്‍ മിന്നിനെ പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിക്കു തിരിച്ചടി നേരിട്ടു. ചൈനയുടെ ഹൗ യിഫാനോടു ഹംപി തോല്‍വിയേറ്റു വാങ്ങി. മറ്റൊരു കളിയില്‍ കസാക്കിസ്താന്റെ നിലൂഫര്‍ യക്കൂബെയ്‌വയ്‌ക്കെതിരേ ഡി ഹരിക സമനില സമ്മതിച്ചു പിരിഞ്ഞു.
ബോക്‌സിങില്‍ പുരുഷന്‍മാരുടെ 51 കിഗ്രാം റൗണ്ട് 32 മല്‍സരത്തില്‍ ഇന്ത്യന്‍ താരം ദീപക് ജയിച്ചുകയറി. മലേഷ്യയുടെ മുഹമ്മദ് അബ്ദുള്‍ ഖയൂം ബിന്‍ ആരിഫിനെയാണ് ഇന്ത്യന്‍ താരം 5-0നു ഇടിച്ചുവീഴ്ത്തിയത്. വനിതകളുടെ 66 കിഗ്രം വിഭാഗത്തില്‍ ഇന്ത്യന്‍ താരം അരുന്ധതി ചൗധരിക്കു പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി നേരിട്ടു. ചൈനയുടെ ലിയു യാങാണ് ഇന്ത്യന്‍ താരത്തെ 5-0നു തകര്‍ത്തുവിട്ടത്.