ഹാങ്ചൗ: 19ാം ഏഷ്യന്‍ ഗെയിംസ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 655 അംഗ സംഘത്തെയാണ് ഇന്ത്യ ചൈനയിലേക്ക് അയച്ചിരിക്കുന്നത്. വലിയ സംഘത്തെ അയച്ചതിലൂടെ 100ലധികം മെഡലുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. ആറാം ദിനം പിന്നിടവെ ഇന്ത്യയുടെ മെഡല്‍ നേട്ടം 33 കഴിഞ്ഞിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ സമ്മാനത്തുകയായി എത്ര രൂപയാണ് ലഭിക്കുന്നത്?. പരിശോധിക്കാം.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത് 30 ലക്ഷം രൂപയാണ്. 20 ലക്ഷം രൂപയാണ് വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് ലഭിക്കുക. വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്ക് 30 ലക്ഷം ലഭിക്കുമ്പോള്‍ വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 20 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷവും ലഭിക്കും.
ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് ഒളിംപിക്‌സ് മെഡല്‍ ജേതാക്കള്‍ക്കാണ്. ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാല്‍ 75 ലക്ഷം രൂപയാണ് സമ്മാന തുകയായി ലഭിക്കുക. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 50 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 30 ലക്ഷവും ലഭിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും 30 ലക്ഷമാണ് സ്വര്‍ണ്ണ മെഡല്‍ ജേതാവിന് ലഭിക്കുക.
നാല് വര്‍ഷത്തിലൊരിക്കലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ 40 ലക്ഷമാണ് സമ്മാനത്തുകയായി ലഭിക്കുക. 25 ലക്ഷമാണ് വെള്ളി മെഡല്‍ ജേതാവിന് ലഭിക്കുക. 15 ലക്ഷമാണ് വെങ്കലമെഡല്‍ ജേതാവിനെ കാത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കപ്പെടുന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവിനെ കാത്തിരിക്കുന്നത് 20 ലക്ഷം രൂപയാണ്. വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 14 ലക്ഷവും വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് 8 ലക്ഷവുമാണ് സമ്മാനമായി ലഭിക്കുക.

ഓരോ വര്‍ഷവും ലോക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്ക് ലഭിക്കുക 10 ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 7 ലക്ഷവും വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് 4 ലക്ഷവുമാണ്. ടീം വിഭാഗത്തില്‍ സമ്മാനത്തുക തീരുമാനിക്കുന്നതിലും ചില മാനദണ്ഡങ്ങളുണ്ട്. രണ്ട് പേരുടെ സംഘമാണെങ്കില്‍ സമ്മാനത്തുകയുടെ ഒന്നര മടങ്ങാവും ലഭിക്കുക. 3-4 പേരടങ്ങുന്ന സംഘമാണെങ്കില്‍ രണ്ട് മടങ്ങാവും ലഭിക്കുക.
5-10 പേരടങ്ങുന്ന സംഘത്തിന് സമ്മാനത്തുകയുടെ 3 മടങ്ങ് ലഭിക്കുമ്പോള്‍ 10 പേരിന് മുകളിലുള്ള ടീം വിഭാഗത്തില്‍ 5 മടങ്ങും പ്രതിഫലം ലഭിക്കും. ഏഷ്യന്‍ ഗെയിംസ് ആറാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് നിലവില്‍ 32 മെഡലുകളാണുള്ളത്. 8 സ്വര്‍ണ്ണവും 12 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്.
നിലവില്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 181 മെഡലുകളോടെ ചൈന ബഹുദൂരം മുന്നിലാണ്. 90 മെഡലുകളോടെ കൊറിയ രണ്ടാം സ്ഥാനത്തും 86 മെഡലുകളോടെ ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.