ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഇനങ്ങളിലൊന്നായ ടെന്നീസില്‍ വലിയ തിരിച്ചടിയാണ് ഇന്ത്യക്കു ഇത്തവണ നേരിട്ടിരിക്കുന്നത്. ടെന്നീസില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ നാലാം ദിനം തന്നെ പൂര്‍ണമായി അസ്തമിച്ചിരിക്കുകയാണ്. 2006നു ശേഷം ഗെയിംസില്‍ ഇതാദ്യമായിട്ടാണ് സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യക്കു വെറുംകൈയോടെ മടങ്ങേണ്ടി വരുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളിലായി ഇന്ത്യക്കു വേണ്ടി ഇന്നു രണ്ടു പേരാണ് റാക്കറ്റേന്തിയത്.
പക്ഷെ പുരുഷ സിംഗിള്‍സില്‍ സുമിത് നഗലും വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്‌നയും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു. 2018ലെ കഴിഞ്ഞ എഡിഷനിലെ ഏഷ്യാഡിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായിരുന്നു അങ്കിത. ഇത്തവണ ഗെയിംസില്‍ പങ്കെടുത്ത ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഏറ്റവുമുയര്‍ന്നുള്ള റാങ്കുള്ളതും ഇവര്‍ക്കായിരുന്നു.

ക്വാര്‍ട്ടറില്‍ ജപ്പാന്റെ ഹരൂക്ക കാജിയോടാണ് അങ്കിത പൊരുതിവീണത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായരുന്നു ജപ്പാനീസ് താരത്തിന്റെ വിജയം. ആദ്യ സെറ്റ് അങ്കിത 6-4നു സ്വന്തമാക്കിയെങ്കിലും അടുത്ത രണ്ടു സെറ്റുകള്‍ 4-6, 4-6 എന്ന സ്‌കോറിനു അങ്കിത കൈവിടുകയായിരുന്നു. സിംഗിള്‍സില്‍ മെഡല്‍ മോഹം പൊലിഞ്ഞെങ്കിലും 30കാരിയായ താരം ഇനി മിക്‌സഡ് ഡബിള്‍സില്‍ മല്‍സരിക്കുന്നുണ്ട്. യുകി ഭാംബ്രിയാണ് അങ്കിതയുടെ ഡബിള്‍സ് പങ്കാളി.
പുരുഷ സിംഗിള്‍സില്‍ അഞ്ചാം സീഡായ സുമിത് ടോപ് സീഡായ ചൈനയുടെ സാങ് സിഷെനോടാണ് ക്വാര്‍ട്ടറില്‍ പരാജയം സമ്മതിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരം കീഴടങ്ങിയത്. ആദ്യ സെറ്റ് ആവേശകരമായ ടൈബ്രേക്കറില്‍ സുമിത് 7-6നു കൈക്കലാക്കിയിരുന്നു. പക്ഷെ അടുത്ത രണ്ടു സെറ്റിലും താരം നിഷ്പ്രഭനായി. 1-6, 2-6 എന്ന സ്‌കോറിനായിരുന്നു ചൈനീസ് താരം സുമിത്തിനെ തകര്‍ത്തുവിട്ടത്. 2018ലെ കഴിഞ്ഞ ഗെയിംസിലും അദ്ദേഹം ക്വാര്‍ട്ടറില്‍ മടങ്ങിയിരുന്നു.
അതേസമയം, ടേബിള്‍ ടെന്നീസില്‍ ഇന്ത്യ വിജയത്തോടെ മുന്നേറ്റം നടത്തിയിരിക്കുകയാണ്. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ശ്രീജ അക്യുല- ഹര്‍മീത് ദേശായ് സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു. റൗണ്ട് 32 മല്‍സരത്തില്‍ മക്കാവുവിന്റെ ചി ചിയോങ്- ഹുയ് സീക്ക് സഖ്യത്തെയാണ് ഇന്ത്യന്‍ ജോടി 3-0നു തകര്‍ത്തത്. മറ്റൊരു മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ജി സത്യന്‍- മാനിക ബത്ര സഖ്യം പ്രീക്വാര്‍ട്ടറിലെത്തി. തായ്‌ലാന്‍ഡ് ജോടിയെയാണ് ഇവര്‍ 3-1നു പരാജയപ്പെടുത്തിയത്.