ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ മിന്നുന്ന പ്രകടനം തുടരുകയാണ്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമടക്കം ഏഴു മെഡലുകളാണ് ഷൂട്ടിങില്‍ മാത്രം ഇന്ത്യ ഇന്നു സ്വന്തമാക്കിയത്. ഷൂട്ടിങില്‍ പുരുഷ വിഭാഗം സ്‌കീറ്റ് ഇനത്തില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം അനന്ത്ജീത്ത് സിങ് നറൂക്ക. വെള്ളി മെഡലാണ് അദ്ദേഹം രാജ്യത്തിനു സമ്മാനിച്ചത്. ഇതോടെ ഗെയിംസ് ചരിത്രത്തില്‍ ഈയിനത്തില്‍ വെള്ളി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അനന്ത്ജീത്ത് സിങ് സ്വന്തമാക്കി.
ഫൈനലില്‍ 60ല്‍ 58 പോയിന്റും നേടിയാണ് ഇന്ത്യന്‍ താരം രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത് വെള്ളി കരസ്ഥമാക്കിയത്. ഈയിനത്തില്‍ കുവൈത്തിനാണ് സ്വര്‍ണം. 60ല്‍ 60ഉം നേടി ലോക റെക്കോര്‍ഡ് കുറിച്ചാണ് കുവൈത്തിന്റൈ അബ്ദുള്ള അല്‍റഷീദി സ്വര്‍ണം കഴുത്തിലണിഞ്ഞത്.

ഷൂട്ടിങില്‍ തന്നെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇഷാ സിങും ഇന്ത്യക്കു വേണ്ടി വെള്ളി മെഡല്‍ കൊയ്തു. ആവേശകരമായ ഫൈനലില്‍ ചൈനീസ് താരം റുയി ലിയുവിനോടു 18 കാരിയായ ഇഷ പൊരുതിത്തോല്‍ക്കുകയായിരുന്നു. 34 പോയിന്റ് നേടിയാണ് ഇഷ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.
നാലു പോയിന്റിന്റെ വ്യത്യാസത്തിലാണ് ചൈനീസ് താരം ഒന്നാമതെത്തിയത്. ഗെയിംസ് റെക്കോര്‍ഡ് കൂടിയാണ് ചൈനയുടെ ലിയു ജേതാവായത്. നേരത്തേ ഇന്ത്യന്‍ താരം രാഹി സര്‍നോബട്ട് സ്ഥാപിച്ച 34 എന്ന സ്‌കോറാണ് തിരുത്തപ്പെട്ടത്.

ഇഷയോടൊപ്പം 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ യൂത്ത് ഒളിംപിക്‌സ് ചാംപ്യന്‍ മനു ഭേക്കറും ഇന്ത്യക്കായി മല്‍സരിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ 590 എന്ന മികച്ച സ്‌കോറുമായിട്ടാണ് താരം ഫൈനലിലേക്കു കുതിച്ചത്. പക്ഷെ ഫൈനല്‍ റൗണ്ടില്‍ മനുവിനു ലക്ഷ്യം പിഴച്ചു. എട്ടു ഷൂട്ടര്‍മാര്‍ മാറ്റുരച്ച ഫൈനലില്‍ 21 പോയിന്റ് നേടിയ താരം അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
അതേസമയം, വനിതകളുടെ ഹോക്കിയില്‍ വമ്പന്‍ ജയത്തോടെ ഇന്ത്യ കുതിപ്പ് തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ സിംഗപ്പൂരിനെ ഇന്ത്യ ഗോള്‍മഴയില്‍ മുക്കുകയായിരുന്നു. എതിരില്ലാത്ത 13 ഗോളുകള്‍ക്കാണ് എതിരാളികളെ പെണ്‍പട നാണംകെടുത്തിയത്.