ഏഷ്യന്‍ ഗെയിംസില്‍ 41 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് കുതിരയോട്ടത്തില്‍ ഇന്ത്യക്കു ആദ്യമായി സ്വര്‍ണ മെഡനേട്ടം. അനുഷ് അഗര്‍വാല, ഹൃദയ് ചെഡ്ഡ, ദിവ്യകൃതി സിങ്, സുദീപ്തി ഹജേല എന്നിവരുള്‍പ്പെട്ട നാല്‍വര്‍ സംഘമാണ് പൊന്നണിഞ്ഞ് ചരിത്രം കുറിച്ചത്. ഡ്രസേഡ് ടീമിനത്തിലാണ് 209.205 സ്‌കോര്‍ നേടി ഇന്ത്യന്‍ ടീം ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.
1982ല്‍ ആരംഭിച്ച ഗെയിംസിന്റെ ഇതു വരെയുള്ള ചരിത്രമെടുത്താല്‍ ഒരിക്കല്‍പ്പോലും കുതിരയോട്ടത്തില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയിട്ടില്ല. ഈ ചീത്തപ്പേര് കൂടിയാണ് ചൈനയില്‍ ഇന്ത്യ മാറ്റിയിരിക്കുന്നത്. 10 മണിക്കൂറോളം ദൈര്‍ഘ്യമേറിയ മല്‍സരത്തില്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി അത്‌ലറ്റുകള്‍ കുതിരയോട്ടത്തില്‍ മല്‍സരിക്കാന്‍ ഇറങ്ങിയിരുന്നു.

എന്നാല്‍ മെഡല്‍ ഫേവറിറ്റുകളായിരുന്ന ചൈനയെയും ജപ്പാനെും ഞെട്ടിച്ചാണ് ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് ചാംപ്യന്‍ പട്ടത്തിനു അവകാശികളായത്. ഇന്ത്യന്‍ സംഘത്തില്‍ ഏറ്റവുമധികം സ്‌കോര്‍ ലഭിച്ചത് അനുഷ് അഗര്‍വാലയ്ക്കായിരുന്നു. 71.088 സ്‌കോറുമായി അദ്ദേഹം മുന്നിലെത്തി.
69.941 എന്ന സ്‌കോര്‍ നേടിയ ഹൃദയ് ആയിരുന്നു മറ്റൊരു പ്രധാന സ്‌കോറര്‍. ദിവ്യകൃതി 68.176 പോയിന്റും സുദീപ്തി 66.706 പോയിന്റും ടീം സ്‌കോറിലേക്കു സംഭാവന ചെയ്തു. രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ആതിഥേയരായ ചൈനയേക്കാള്‍ ഏറെ മുന്നിലായിരുന്നു ഇന്ത്യ. 209.25 സ്‌കോറാണ് ഇന്ത്യക്കു ലഭിച്ചതെങ്കില്‍ വെള്ളി നേടിയ ചൈനയ്ക്കു 204.882 സ്‌കോര്‍ മാത്രമേ ലഭിച്ചുള്ളൂ.
അതേസമയം, പുരുഷവിഭാഗം നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശുള്‍പ്പെട്ട ടീം 4-100 മീറ്റര്‍ മെഡ്‌ലേ റിലേയുടെ ഫൈനലില്‍ മല്‍സരിക്കാനിറങ്ങിയെങ്കിലും നിരാശപ്പെടുത്തി. സജനെക്കൂടാതെ ശ്രീഹരി നടരാജ്, ലികിത് പ്രേമ, തനീഷ് ജോര്‍ജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പക്ഷെ ഫൈനലില്‍ 3.40.20 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഇന്ത്യന്‍ ടീമിനു അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടതായി വന്നു.

പുരുഷ വിഭാഗം വോളിബോളില്‍ ഇന്ത്യന്‍ ടീം ചിരവൈരികളായ പാകിസ്താനോടു പരാജയപ്പെട്ടു. ഇതോടെ ആറാംസ്ഥാനത്തു ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. ഒരു മണിക്കൂറും 14 മിനിറ്റും നീണ്ട കൡയില്‍ ഇന്ത്യയെ 25-21, 25-20, 25-23 എന്ന സ്‌കോറിനാണ് പാകിസ്താന്‍ തകര്‍ത്തുവിട്ടത്.
ബോക്‌സിങില്‍ പുരുഷന്മാരുടെ 92 കിഗ്രാം പ്ലസ് വിഭാഗത്തില്‍ ഇന്ത്യയുടെ നരേന്ദര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ റൗണ്ടില്‍ കിര്‍ഗിസ്താന്റെ ഒമാത്‌ബെക്ക് എല്‍ക്കോറോ ഉലൂവിനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ടെന്നീസില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സുമിത് നഗല്‍ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൂന്നാംറൗണ്ടില്‍ കസാക്കിസ്താന്റെ ബെയ്ബിത് സുകയേവിനെയാണ് നഗല്‍ 7-6, 6-4നു തോല്‍പ്പിച്ചത്.