ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനം ഇന്ത്യക്ക് ഗോള്‍ഫില്‍ അഭിമാന മെഡല്‍. അതിഥി അശോകാണ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യത്തെ വനിതാ താരമെന്ന റെക്കോഡാണ് അതിധി സ്വന്തമാക്കിയത്. അതേ സമയം ഗോള്‍ഫിലെ വനിതകളുടെ ടീം വിഭാഗത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണെത്തിയത്.

സ്‌ക്വാഷില്‍ ഇന്ത്യയുടെ മിക്‌സഡ് ഡബിള്‍സ് ടീം പൂള്‍ എയില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു. 2-0നാണ് ഇന്ത്യയുടെ ജയം. ഇന്ന് ഇന്ത്യക്ക് അത്‌ലറ്റിക്‌സിലും ബാഡ്മിന്റണിലും ഷൂട്ടിങ്ങിലുമെല്ലാം മെഡല്‍ പ്രതീക്ഷയുണ്ട്. എട്ടാം ദിനം പുരോഗമിക്കവെ ഇതുവരെ 38 മെഡലുകളാണ് ഇന്ത്യയുടെ പേരിലുള്ളത്. 10 സ്വര്‍ണ്ണവും 14 വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
വനിതകളുടെ ഷൂട്ടിങ് ട്രാപ്പ് ടീം വിഭാഗത്തില്‍ ഇന്ത്യന്‍ ടീം വെള്ളി മെഡല്‍ നേടി. രാജേശ്വരി, മനീഷ, പ്രീതി എന്നിവരടങ്ങുന്ന ടീമാണ് വെള്ളി നേടിയെടുത്തതത്. 337 പോയിന്റാണ് ഇന്ത്യന്‍ ടീമിന് ലഭിച്ചത്. 356 പോയിന്റുകള്‍ നേടിയ ചൈനയാണ് സ്വര്‍ണ്ണം നേടിയത്.
പുരുഷന്മാരുടെ ട്രാപ് ടീം വിഭാഗം ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണ്ണം നേടി. സൊറാവര്‍ സിങ്, പൃഥ്വിരാജ്, ക്യനാന്‍ ചെന്നൈ എന്നിവര്‍ അടങ്ങിയ സഖ്യമാണ് സ്വര്‍ണ്ണത്തിലേക്ക് വെടിയുതിര്‍ത്തത്. എട്ടാം ദിനത്തിലെ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്.
വനിതകളുടെ 57 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പ്രവീന്‍ സെമിയില്‍ പ്രവേശിച്ചു. ഉസ്‌ബെക്കിസ്ഥാന്റെ ടുര്‍ഡിബെക്കാവോയെ തോല്‍പ്പിച്ചാണ് പ്രവീന്റെ സെമി പ്രവേശനം. ഇതോടെ താരം വെള്ളി മെഡല്‍ ഉറപ്പിച്ചു. അതേ സമയം വനിതകളുടെ 60 കിലോഗ്രാം ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ജാസ്മിന്‍ ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റു.
അതേ സമയം ബാഡ്മിന്റണ്‍ ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ പുരുഷ ടീമില്‍ നിന്നും നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരം എച്ച് എസ് പ്രണോയ് ഫൈനല്‍ കളിച്ചേക്കില്ലെന്നാണ് വിവരം. കാലിന് പരിക്കേറ്റ താരത്തിന് ഫൈനല്‍ കളിക്കാനാവില്ലെന്നാണ് ഒളിംപിക്‌സ് ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രണോയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം ഹാങ്ചൗവില്‍ എത്തിയിട്ടുണ്ട്. വനിതാ ടീം സ്വര്‍ണ്ണം നേടിയതിനാല്‍ പുരുഷ ടീമിനെ സംബന്ധിച്ച് സ്വര്‍ണ്ണ മെഡല്‍ നേട്ടം അഭിമാന പ്രശ്‌നമാണ്. റുതുരാജ് ഗെയ്ക് വാദിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ശക്തമായ താരനിരയുമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിനിറങ്ങുന്നത്.