ബെംഗളുരു: എട്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയുടെ 24 വര്‍ഷം നീണ്ട കാത്തിരിപ്പിന് ആ ചെറുപ്പക്കാരന്‍ അവസാനം കുറിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ നീന്തലില്‍ ഒരു മെഡലെന്ന സ്വപ്‌നം സാക്ഷാത്കരിച്ചാണ് ചൈനയിലെ ഗ്വാങ്‌സുവില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ വെങ്കല മെഡലുമായി വിര്‍ദ്ധാവല്‍ ഖാഡെ അഭിമാനത്തോടെ തിരിച്ചെത്തിയത്. ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസിന് പതാക ഉയരുമ്പോള്‍ നീന്തലില്‍ ഇന്ത്യയുടെ പ്രതീക്ഷ ഈ 26-കാരനില്‍ തന്നെയാണ്. ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കാമെന്ന് ഖഡെയും സ്വപ്‌നം കാണുന്നു.
'കഴിഞ്ഞ ഒരു വര്‍ഷമായി ഏഷ്യന്‍ ഗെയിംസാണ് എന്റെ പ്രധാന ലക്ഷ്യം. ഞാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. മത്സരം അരങ്ങേറുമ്പോള്‍ കഴിവ് കൃത്യമായി പ്രകടിപ്പിക്കുകയാണ് ബാക്കിയുള്ളത്. ലക്ഷ്യം സ്വര്‍ണ്ണമെഡലും, മറ്റൊരു മെഡലുമാണ്. ഒരു രക്ഷയുമില്ലാതെ വന്നാല്‍ ചുരുങ്ങിയത് ഒരു മെഡലെങ്കിലും നേടണം', ഖാഡെ പറയുന്നു. മുന്‍പ് നേടിയ മെഡലും, ജൂണില്‍ സിംഗപ്പൂര്‍ നാഷണല്‍ സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനവുമാണ് താരത്തിന് ആത്മവിശ്വാസം നല്‍കുന്നത്. ഇവിടെ റിയോ ഒളിമ്പിക് ചാമ്പ്യന്‍ ജോസഫ് സ്‌കൂളിംഗിനെ തോല്‍പ്പിച്ചാണ് 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണ്ണം നേടിയത്.

ഒപ്പം 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും കരസ്ഥമാക്കിയാണ് താരം മടങ്ങിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തന്റെ ഏറ്റവും മികച്ച സമയത്തിന് അടുത്ത് നില്‍ക്കാന്‍ കഴിഞ്ഞത് ഖാഡെയ്ക്ക് ആത്മവിശ്വാസം പകരുന്നു. സിംഗപ്പൂരില്‍ നീന്തിയതിലും വേഗത്തില്‍ നീന്താന്‍ കഴിയുമെന്നും താരം പ്രതീക്ഷിക്കുന്നു. സ്‌കൂളിംഗിനെ തോല്‍പ്പിച്ചെങ്കിലും മികച്ച സമയം കുറിയ്ക്കാന്‍ കഴിയാഞ്ഞതില്‍ മാത്രമാണ് ഇദ്ദേഹത്തിന് നിരാശ.
തഹസില്‍ദാര്‍ ജോലിക്കിടയില്‍ നിന്നുമാണ് മുംബൈയിലേക്ക് എത്തി മുന്‍ ദേശീയ ചാമ്പ്യന്‍ പരിശീലനത്തിനുള്ള സമയം കണ്ടെത്തുന്നത്. പദുക്കോണ്‍-ദ്രാവിഡ് അക്കാഡമിയില്‍ ശാസ്ത്രവും, ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ത്തുള്ള പരിശീലനമാണ് തന്റെ മികവ് വര്‍ദ്ധിപ്പിച്ചതെന്ന് വിര്‍ദ്ധാവല്‍ ഖഡെ കൂട്ടിച്ചേര്‍ക്കുന്നു.