ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ വിനേഷ് ഫോഗട്ട് ഇന്ത്യന്‍ ഗുസ്തിയില്‍ പുതിയ ചരിത്രമെഴുതി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി ഇനി വിനേഷിന് സ്വന്തമാണ്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ജപ്പാന്റൈാ യൂക്കി ഇറിയെ 6-2 എന്ന നിലയിലാണ് ഇന്ത്യയുടെ പെണ്‍പുലി കീഴ്പ്പെടുത്തിയത്.
ഗെയിംസിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു വിനേഷിന്റേത്. എതിരാളികള്‍ക്ക് ഒരുവസരവും നല്‍കാതെ കടന്നാക്രമിച്ചു കളിക്കുന്ന താരം രണ്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. റിയോ ഒളിമ്പിക്സില്‍ പരിക്കേറ്റ് പുറത്താകുന്നതിന് കാരണക്കാരിയായ യുനാന്‍ സണിനെയാണ് ജക്കാര്‍ത്തയില്‍ വിനേഷ് സെമിയില്‍ 8-2ന് കീഴടക്കിയതെന്നത് വിജയത്തിന് ഇരട്ടിമധുരം നല്കുന്നു.
വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ എണ്ണം പറഞ്ഞ താരങ്ങളിലൊരാളാണ് വിനേഷ്. ഇരുപത്തിനാലുകാരിയായ താരം ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്ന വിനേഷ് ഇത്തവണ അത് സ്വര്ണമാക്കിയതില് അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞു. തന്റെ എല്ലാ കഴിവുകളും സ്വര്‍ണത്തിനായി വിനിയോഗിച്ചു. തന്നെ പിന്തുണച്ച എല്ലാവര്ക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.