ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ബോക്സിങ് മെഡല്‍ പ്രതീക്ഷയായ വികാസ് കൃഷന് ജയം. പ്രീക്വാര്‍ട്ടറില്‍ പാക്കിസ്ഥാന് താരം തന്‍വീര്‍ അഹമ്മദിനെ 5-0 എന്ന നിലയില്‍ ഏകപക്ഷീയമായി ഇടിച്ചിട്ടാണ് വികാസ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. എതിരാളിക്ക് ഒരവസരവും നല്‍കാതെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം.
ഗെയിംസിന്റെ അഞ്ചാംദിനം ഇന്ത്യയ്ക്ക് കാര്യമായ മെഡല്‍ നേട്ടമുണ്ടായിട്ടില്ല. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സെമിയില്‍ തോറ്റ സൈന നേവാളിന്റെ വെങ്കലം മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. അതേസമയം, പിവി സിന്ധു ഫൈനലിലെത്തി സ്വര്‍ണ പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍താരം തായ്വാന്റെ തായ് സു ആണ് സിന്ധുവിന്റെ ഫൈനലിലെ എതിരാളി.
വനിതാ ഹോക്കിയില്‍ ഇന്ത്യ തായ്ലാന്ഡിനെ 5-0 എന്ന സ്കോറിന് തകര്‍ത്തു. ക്യാപ്റ്റന്‍ റാണി രാംപാലിന്റെ ഹാട്രിക് ആണ് മത്സരത്തിന്റെ സവിശേഷത. കരാട്ടെയില്‍ ഇന്ത്യയുടെ വിശാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്ബെക്കിസ്ഥാന്റെ അഖാതോവ് ശഖാബോസിനോട് തോറ്റു. ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് ടീമും സ്ക്വാഷ് ടീമും തങ്ങളുടെ ഗ്രൂപ്പ് മത്സരത്തില്‍ ജയിച്ചു കയറിയിട്ടുണ്ട്.
ഗെയിംസില്‍ സൈനയുടെ വെങ്കലത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37 ആയി. ഏഴു സ്വര്‍ണവും പത്ത് വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.