ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുശീല്‍ കുമാറിന് തോല്‍വി. രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടിയ സുശീല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. എന്നാല്‍, പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തന്നെ സുശീല്‍ തോറ്റു.
ബഹ്റൈന്റെ ബാതിറോവ് ആദമിനെതിരെ 3-5 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്. ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയായിരുന്നു സുശീല്‍. ബാതിറോവ് ഫൈനലിലെത്തിയാല്‍ ഇനി റെപ്പഷാഗയിലൂടെ സുശീലിന് വെങ്കല മെഡലിന് മെഡലിന് മത്സരിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയുടെ സന്ദീപ് തൊമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ തുര്‍ക്ക്മെനിസ്ഥാന്‍ താരം നസ്റോവ് റുസ്തത്തിനെതിരെ 12-8 എന്ന സ്കോറിനായിരുന്നു തൊമാറിന്റെ വിജയം. മെഡല്‍ പ്രതീക്ഷയുള്ള ഇന്ത്യയുടെ ബജ്രംഗ് പൂണിയയും ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു. 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാന്റെ സിറോജിദ്ദിന് കാസ്നോവിനെ 13-3 എന്ന നിലയില്‍ ബജ്രംഗ് തോല്‍പ്പിച്ചു.