ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് ഓഗസ്ത് 18 ശനിയാഴ്ച ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ തുടക്കമാകും. വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കുശേഷം ഞായറാഴ്ചയാണ് പ്രധാന മത്സരങ്ങള്‍ ആരംഭിക്കുന്നത്. 36 ഇനങ്ങളിലായി ഇന്ത്യക്ക് ഇക്കുറി 572 അംഗ സംഘമാണുള്ളത്. മാര്‍ച്ച് പാസ്റ്റില്‍ അത്‌ലറ്റ് നീരജ് ചോപ്രയാണ് ഇന്ത്യയുടെ ദേശീയപതാകയേന്തുക.

ഗെലോറ ബുങ് കര്‍ണോ സ്റ്റേഡിയത്തില്‍വച്ചാണ് പ്രധാന മത്സരങ്ങള്‍ നടക്കുക. ജക്കാര്‍ത്തയിലും പാലെംബാങ്ങിലുമായി രണ്ട് അത്‌ലീറ്റ് വില്ലേജുകളാണുള്ളത്. 45 രാജ്യങ്ങളില്‍നിന്ന് ആകെ 16,000 കായികതാരങ്ങള്‍ സെപ്തംബര്‍ രണ്ടുവരെ നടക്കുന്ന മേളയുടെ ഭാഗമാകും. 42 കായിക വിഭാഗങ്ങളിലായി 484 മത്സര ഇനങ്ങള്‍ ഇത്തവണയുണ്ട്.
കുറാഷ്, സാമ്പോ, പെന്‍കേക്ക് സിലാത്ത്, സെപക് താക്‌റോ, ജിയു ജിറ്റ്‌സു, ബ്രിഡ്ജ്, സ്‌പോര്‍ട്‌സ് ക്ലിംബിങ് എന്നിങ്ങനെ പുതിയ ഇനങ്ങളും ഗെയിംസില്‍ ഉള്‍പ്പെടുത്തി. ഷൂട്ടിങ്, ഗുസ്തി, ബോക്‌സിങ്, ബാഡ്മിന്റണ്‍, കബഡി, അത്‌ലറ്റിക്‌സ് എന്നിവയില്‍ ഇന്ത്യ മെഡല്‍ കുതിപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പതിവുപോലെ ചൈന ആധികാരികമായി ഒന്നാമതെത്തുമെന്നുറപ്പാണ്.