ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ അത്ലറ്റിക്സില് ഇന്ത്യയ്ക്ക് ഇരട്ടവെള്ളി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസാമിയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ സുധാസിങ്ങുമാണ് ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 39 ആയി ഉയര്‍ന്നു. ഏഴു സ്വര്‍ണവും പന്ത്രണ്ട് വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.
നാലാം സ്ഥാനത്തായിരുന്ന ധരുണ്‍ അവസാന ലാപ്പില്‍ ഓടിക്കയറി ഇന്ത്യയുടെ അഭിമാനമാവുകയായിരുന്നു. ഖത്തറിന്റെ സാംബ അബ്ദുറഹ്മാന് 47.66 സെക്കന്റില്‍ ഓടിയെത്തി ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. 48.96 സെക്കന്റില്‍ ധരുണ്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. ദേശീയ റെക്കോഡും ഈ തമിഴ്നാട്ടുകാരന് സ്ഥാപിച്ചു. 49.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ അബേ തകതോഷിക്കാണ് ഈ ഇനത്തില്‍ വെങ്കലം.
ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യയുടെ സൈന നേവാള്‍ ബാഡ്മിന്റണില്‍ വെങ്കലം നേടിയിരുന്നു. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.