ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് വീണ്ടും ഗംഭീര വിജയം. പൂള് മത്സരത്തില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ 20 ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യ തങ്ങളുടെ പൂള് മത്സരങ്ങളില്‍ അടിച്ചുകൂട്ടിയത് 76 ഗോളുകളാണ്. വഴങ്ങിയതാകട്ടെ മൂന്നു ഗോളുകളും.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ആകാശ്ദീപ് ആറു ഗോളുകള്‍ നേടി. രുപീന്ദര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, മന്ദീപ് എന്നിവര്‍ ഹാട്രിക്കും നേടിയപ്പോള്‍ ലളിത് രണ്ടു ഗോളുകള്‍ നേടി. വിവേക്, ദില്‍പ്രീത് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍. കഴിഞ്ഞദിവസം ഇന്ത്യ സൗത്ത് കൊറിയയെ 5-3 എന്ന സ്കോറിന് തോല്‍പ്പിച്ചിരുന്നു. തുടര്‍ച്ചയായ പ്രകടന മികവില്‍ ഹോക്കി ടീം സ്വര്‍ണം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.
ഗെയിംസിന്റെ പത്താംദിനം ഇന്ത്യ മൂന്നു വെള്ളി മെഡല്‍കൂടി നേടിയിരുന്നു. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളും, ബാഡ്മിന്റണില്‍ പി വി സിന്ധുവുമാണ് വെള്ളി നേടിയത്. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 45 ആയി. 8 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.