ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യ ഇന്തോനേഷ്യയെ തകര്‍ത്തു. പതിനേഴ് ഗോളുകള്‍ക്കാണ് ഇന്ത്യ ആതിഥേയരെ നിഷ്പ്രഭരാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഹോക്കിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയം കൂടിയായി അത്. ഇന്ത്യയ്ക്കുവേണ്ടി മൂന്നു താരങ്ങള്‍ ഹാട്രിക് നേടിയതാണ് കളിയുടെ പ്രത്യേകത.
യുവതാരം ദില്‍പ്രീത് സിങ്, സിമ്രന്‍ജീത്ത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ഹാട്രിക് നേടിയത്. രൂപീന്ദര്‍ പാല് സിങ്, അക്ഷദീപ് സിങ്, എസ് വി സുനില്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, അമിത് റോഹിദാസ് എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടി. ഇന്തോനേഷ്യയ്ക്ക് ഒരുഗോള്‍പോലും തിരിച്ചടിക്കാനായില്ല. ദുര്‍ബലരായ ഇന്തോനേഷ്യയ്ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ഇന്ത്യ ഇതാദ്യമായി തോറ്റു. ശക്തരായ കൊറിയയോടെയാണ് ഇന്ത്യ തോറ്റത്. സ്കോര്‍ 23-24. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാക്കളാണ് കൊറിയ. ഇരുപത്തിയെട്ടുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ കബഡിയില്‍ തോറ്റത്. ഗെയിംസില്‍ കബഡി സ്വര്‍ണം കുത്തകയാക്കിവെച്ചിരുന്ന ഇന്ത്യയ്ക്ക് ഇതോടെ ഇത്തവണ കടുത്ത പോരാട്ടം വേണ്ടിവന്നേക്കും.